അഹമ്മദാബാദ്: അപാര ഫോമിൽ ബാറ്റിംഗ് തുടരുന്ന ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ മൂന്നാം ട്വന്റി 20യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള ക്യാപ്ടൻ ഹർദ്ദിക് പാണ്ഡ്യയുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ശുഭ്മാൻ ഗിൽ ഉൾപ്പെടെയുള്ള ഇന്ത്യൻ മുൻനിര കാഴ്ചവെച്ചത്.
ഗില്ലിന്റെ സെഞ്ച്വറിയുടെ കരുത്തിൽ 20 ഓവറിൽ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് അടിച്ചു കൂട്ടി. ഗിൽ 62 പന്തിൽ 126 റൺസുമായി പുറത്താകാതെ നിന്നു. 12 ബൗണ്ടറികളും 7സിക്സറുകളും കരുത്തേകിയതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. ഓപ്പണർ ഇഷാൻ കിഷൻ 1 റണ്ണുമായി മടങ്ങിയപ്പോൾ രാഹുൽ ത്രിപാഠി 22 പന്തിൽ 44 റൺസ് നേടി. സൂര്യകുമാർ യാദവ് 13 പന്തിൽ 24 റൺസും ഹർദ്ദിക് പാണ്ഡ്യ 17 മന്തിൽ 30 റൺസും നേടി.
കോപ്പി ബുക്ക് ഷോട്ടുകളും ന്യൂജെൻ ഷോട്ടുകളും ഒരേ പോലെ നിറസാന്നിധ്യമായ ഇന്നിംഗ്സിൽ, 54 പന്തിലാണ് ഗിൽ സെഞ്ച്വറി തികച്ചത്. ന്യൂസിലൻഡ് ബൗളർമാരെയും ഫീൽഡർമാരെയും അക്ഷരാർത്ഥത്തിൽ നിഷ്പ്രഭമാക്കിയ ഗില്ലിന്റെ ഇന്നിംഗ്സിന് സാക്ഷിയായി സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറും സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പിൽ കിരീടം ചൂടിയ ഇന്ത്യൻ ടീമിനെ അനുമോദിക്കുന്ന ചടങ്ങിന്റെ ഭാഗമായാണ് സച്ചിൻ അഹമ്മദാബാദിലെത്തിയത്.
ഗിൽ 60 പന്തിൽ 123 റൺസ് തികച്ചതോടെ, ട്വന്റി 20യിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ എന്ന വിരാട് കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയായി. പരമ്പരയിൽ ഓരോ മത്സരങ്ങൾ ജയിച്ച് ഇരു ടീമുകളും സമനില പാലിക്കുന്നതിനാൽ ഫലത്തിൽ ഫൈനലാണ് ഇന്നത്തെ മത്സരം.








