തിരുവനന്തപുരം: ചിരിച്ചുകൊണ്ട് കേരളത്തിലെ ജനങ്ങളുടെ കഴുത്ത് അറുത്ത് പിണറായി സർക്കാർ. നികുതികൾ വർദ്ധിപ്പിച്ച് ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്നതാണ് സർക്കാരിന്റെ ബജറ്റ്. സംഭവത്തിൽ ബജറ്റ് അവതരണത്തിന് ശേഷം സർക്കാരിനെതിരെ ശക്തമായ വിമർശനവും പരിഹാസവുമാണ് ഉയരുന്നത്.
പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ സെസ് ഏർപ്പെടുത്തുമെന്നാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് അവതരണ വേളയിൽ പ്രഖ്യാപിച്ചത്. നിലവിൽ സംസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന് 105 രൂപയും, ഡീസലിന് 94 രൂപയുമാണ് വില. രാജ്യത്ത് തന്നെ ഇന്ധനവില താരതമ്യേന കൂടുതൽ ഉള്ള സംസ്ഥാനത്തിൽ ഒന്നാണ് കേരളം. മറ്റ് സംസ്ഥാനങ്ങളെക്കാൾ ഇന്ധനത്തിന് നികുതി കൂടുതൽ വാങ്ങുന്ന സംസ്ഥാനങ്ങളിൽ മുൻനിരയിലാണ് കേരളത്തിന്റെ സ്ഥാനം. ഈ വസ്തുതകൾ നിലനിൽക്കുമ്പോഴാണ് സർക്കാർ വീണ്ടും സെസ് വർദ്ധിപ്പിച്ചിരിക്കുന്നത്. സെസ് പ്രാബല്യത്തിൽ വരുന്നതോടെ വാഹന യാത്രികർ വലിയ വില നൽകേണ്ടിവരും.
സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ ജനങ്ങളുടെ കയ്യിൽ നിന്നും നികുതി വഴി പണം എത്തിക്കുകയാണ് സർക്കാർ തന്ത്രം. ഇതിന്റെ ഭാഗമായി കെട്ടിട നികുതി, വാഹന നികുതി, എന്നിവർദ്ധിപ്പിക്കുകയും, ഭൂമിയുടെ ന്യായ വില വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി തീരുവ കൂട്ടി ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടാനും സർക്കാർ മറന്നില്ല. ഇതോടെ സംസ്ഥാനത്ത് ഇനി സാധാരണക്കാർ ജീവിക്കാൻ പാടുപെടുമെന്ന കാര്യത്തിൽ സംശയമില്ല. കോടികളുടെ വികസന പ്രഖ്യാപനമാണ് ഇക്കുറി ബജറ്റിൽ സംസ്ഥാന സർക്കാർ നടത്തിയിരിക്കുന്നത്. എന്നാൽ ഇതിന് എവിടെ നിന്നും പണം ലഭിക്കുമെന്ന ചോദ്യം ജനങ്ങളിൽ നിന്നും ഉയർന്നു കഴിഞ്ഞു. കേന്ദ്രത്തിന്റെ കനിവ് തേടി പദ്ധതികളെല്ലാം പ്രഖ്യാപനങ്ങൾ മാത്രമായി ഇരുട്ടറകളിൽ ഒതുങ്ങുമെന്നാണ് ആക്ഷേപം.
പ്രഖ്യാനങ്ങൾക്ക് ശേഷം ബജറ്റ് പൂർത്തിയാകുന്ന വേളയിൽ ആയിരുന്നു നികുതി വർദ്ധനവ് സംബന്ധിച്ച ധനമന്ത്രിയുടെ പ്രഖ്യാപനം. ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്ന ബജറ്റിനെതിരെ ജനങ്ങളിൽ നിന്നും ഇപ്പോൾ തന്നെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. നിരവധി പേരാണ് ജനദ്രോഹ ബജറ്റിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ഉയർത്തിയിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ പിടിച്ചുപറിയാണ് സർക്കാരിന്റേത് എന്നാണ് പൊതുജനാഭിപ്രായം
Discussion about this post