തൃശൂർ: ഗുരുവായൂരിൽ എസ്‌ഐയെ മർദ്ദിച്ച് തള്ളിയിട്ട് ബസ് കണ്ടക്ടർ. സംഭവത്തിൽ ചാവക്കാട് മുനയ്ക്കക്കടവ് തീരദേശ സ്റ്റേഷനിലെ എസ്ഐ അറുമുഖന് (55) പരിക്കേറ്റു. കൈയ്യിലും ചുണ്ടിലും പരുക്കേറ്റ അറുമുഖനെ മുതുവട്ടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിആർ എന്ന ബസിലെ കണ്ടക്ടർ രഞ്ജിത്താണ് എസ്‌ഐയെ ആക്രമിച്ചത്.
ബസിൽ കയറുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മകനെ തൃശൂരിലേക്കുള്ള ബസിൽ കയറ്റിവിടാൻ വന്നതായിരുന്നു അറുമുഖൻ. തൃശൂരിലേക്ക് പോരുന്നില്ലേയെന്ന് കണ്ടക്ടർ എസ്ഐയോട് ചോദിച്ചു. ചോദ്യം പലതവണ ആവർത്തിച്ചപ്പോൾ എസ്ഐ ഇല്ലെന്ന മറുപടി പറയുകയും എന്തിനാണ് ഇങ്ങനെ ആവർത്തിക്കുന്നതെന്ന് ചോദിക്കുകയും ചെയ്തു.തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും കണ്ടക്ടർ എസ്‌ഐയെ തള്ളിയിടുകയുമായിരുന്നു.
വീണ് പരിക്കേറ്റ എസ്‌ഐയെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. അതേസമയം എസ്‌ഐ ആണെന്ന് അറിയാതെയാണ് കണ്ടക്ടർ മർദ്ദിച്ചതെന്നാണ് വിവരം.












