മുംബൈ: അദാനി എന്റർപ്രൈസിന്റെ ഓഹരികളിലെ വിപണിയിലെ ചാഞ്ചാട്ടത്തിൽ പ്രതികരണവുമായി കേന്ദ്രധനകാര്യ സെക്രട്ടറി ടിവി സോമനാഥൻ. ഇപ്പോൾ സംഭവിച്ചിരിക്കുന്നത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പൊതുധനകാര്യ സംവിധാനം ശക്തമാണ്. ഓഹരി വിപണിയിലെ ചലനങ്ങൾ അതിന്റെ പ്രത്യക്ഷ അർത്ഥത്തിൽ സർക്കാരിന്റ ആശങ്കാവിഷയമല്ല. അതിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ റെഗുലേറ്റർമാർ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ കഴിഞ്ഞ ദിവസത്തെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും സോമനാഥൻ പറഞ്ഞു.
രാജ്യത്തിന്റെ ധനകാര്യ സ്ഥിരതയെ സംബന്ധിച്ച് ഒരു ആശങ്കകയുമില്ല. പൊതുധനകാര്യസ്ഥാപനങ്ങളുടെ ഓഹരി ഉടമകൾക്കോ,പണം നിക്ഷേപിച്ചവർക്കോ, പോളിസി ഉടമകൾക്കോ ആശങ്ക വേണ്ടതില്ല. പ്രാഥമിത നിക്ഷേപത്തിനുള്ള ശരിയായ അന്തരീക്ഷം,മികച്ച ധനകാര്യ വിപണി എന്നിവ സൃഷ്ടിക്കലാണ് സർക്കാരിന്റെ ഉത്തരവാദിത്വമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം അദാനി ഗ്രൂപ്പിനെതിരായ ആരോപണം കമ്പനികാര്യ മന്ത്രാലയം അന്വേഷിക്കും. മന്ത്രാലയം ഡയറക്ടർ ജനറലിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. അദാനി ഗ്രൂപ്പിൽ നിന്നും രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ട്. സമീപ കാലത്ത് നടത്തിയ ഇടപാടുകളുടെ വിശദാംശങ്ങളാകും കമ്പനികാര്യ മന്ത്രാലയം പരിശോധിക്കുക.
Discussion about this post