ഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങിന്റെ ഫോണ്‍ കോളിന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയ്ക്ക് മറുപടി പറയാന്‍ വൈമുഖ്യം. കേരളാ ഹൗസില്‍ പോലീസ് പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ അറിയിക്കുന്നതിനായി മുഖ്യമന്ത്രിയെ വ്യാഴാഴ്ച വൈകിട്ട് രാജ്‌നാഥ്‌സിങിന്റെ ഓഫിസില്‍ നിന്ന് ഫോണില്‍ വിളിച്ചിരുന്നു. മുഖ്യമന്ത്രി പരിപാടിയിലാണെന്ന മറുപടിയാണ് ലഭിച്ചത്. തിരികെ വിളിക്കണമെന്നറിയിച്ച ശേഷമാണ് ആഭ്യന്തരമന്ത്രി ഫോണ്‍ വെച്ചത്. എന്നാല്‍ രണ്ടുദിവസമായിട്ടും തിരികെ വിളിക്കാനോ മറ്റു തരത്തില്‍ ബന്ധപ്പെടാനോ കേരളാ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
പോലീസ് കേരളാ ഹൗസില്‍ പ്രവേശിച്ച വിഷയത്തില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് രണ്ട് തവണ കത്തയച്ചിരുന്നു. സംഭവം നടന്നതിന്റെ പിറ്റേ ദിവസവും വ്യാഴാഴ്ചയും മുഖ്യമന്ത്രി കത്തയച്ചു. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അപമാനിച്ചെന്നും ഫെഡറല്‍ സംവിധാനം തകര്‍ത്തെന്നും ആരോപിച്ചുള്ളതായിരുന്നു കത്തുകള്‍.
കേരളഹൗസിലെ സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിച്ച രാജ്‌നാഥ് സിംഗ് കേരള മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇത് പ്രകാരം വിളിച്ചപ്പോഴാണ് ഉമ്മന്‍ചാണ്ടിയുടെ ഫോണില്‍ സംസാരിക്കാനുള്ള വൈമുഖ്യം.
വെറും രാഷ്ട്രീയ ലക്ഷ്യത്തിനായി അയച്ചതാണെന്ന് വ്യക്തമാക്കുന്നതാണ് ഫോണില്‍ വിളിച്ചിട്ട് സംസാരിക്കാനോ തിരികെ വിളിക്കാനോ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നടപടി. ഉമ്മന്‍ചാണ്ടിയെ ഫോണില്‍ വിളിച്ചെന്നും എന്നാല്‍ യോഗത്തിലായതിനാല്‍ ഇപ്പോള്‍ ലഭിക്കില്ലെന്നുള്ള മറുപടിയാണ് ലഭിച്ചതെന്നും കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് അറിയിച്ചു. തിരികെ വിളിക്കണമെന്ന് അറിയിച്ചെങ്കിലും ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും രാജ്‌നാഥ്‌സിങ് പാട്‌നയില്‍ വ്യക്തമാക്കി.
സംഭവം വിവാദമാക്കി രാഷ്ട്രീയ മുതലെടുപ്പ് മാത്രമായിരുന്നു ഉമ്മന്‍ചാണ്ടി ഉദ്ദേശിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി ബിജെപി വൃത്തങ്ങള്‍ ആരോപിച്ചു.
Discussion about this post