ന്യൂഡൽഹി: അന്താരാഷ്ട്ര സമ്പദ്ഘടനയുടെ നട്ടെല്ലിനേറ്റ ഇരട്ട പ്രഹരങ്ങളായിരുന്നു കൊവിഡ് വ്യാപനവും തൊട്ട് പിന്നാലെ ഉണ്ടായ യുക്രെയ്ൻ- റഷ്യ യുദ്ധവും. മിക്ക വികസിത രാജ്യങ്ങളെയും സാമ്പത്തിക ഞെരുക്കത്തിലേക്കും മൂന്നാം ലോക രാജ്യങ്ങളെ സാമ്പത്തിക തകർച്ചയിലേക്കും തള്ളി വിട്ട അസാധാരണ സാഹചര്യം. എന്നാൽ ഈ സാഹചര്യത്തെ നേട്ടമാക്കി മാറ്റിയ, അവസരമാക്കി വിനിയോഗിച്ച അപൂർവം രാജ്യങ്ങളുടെ പട്ടികയിൽ മുൻ പന്തിയിലാണ് ഇന്ത്യ.
മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും കയറ്റുമതി, വാക്സിൻ നിർമ്മാണം, വിതരണം എന്നിവയുടെ നായകത്വം വഹിച്ച ഇന്ത്യ, കൊവിഡ് പ്രതിസന്ധിയെ ഫലപ്രദമായി നേരിട്ടു. പിന്നാലെ വന്ന യുദ്ധം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെയും ഇന്ധന ക്ഷാമത്തെയും ക്രിയാത്മകമായ മാർഗങ്ങളിലൂടെയാണ് ഇന്ത്യ അതിജീവിച്ചത്. ഇന്ധന ദൗർലഭ്യം ഒരു ദിവസം പോലും ജനങ്ങളെ ബാധിക്കാതെയും, ഒരു പരിധിക്കപ്പുറം വിലക്കയറ്റം ഉയരാതെയും പിടിച്ചു നിർത്താൻ സാധിച്ച ഒരേയൊരു രാജ്യം ഇന്ത്യ മാത്രമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
യുദ്ധം സൃഷ്ടിച്ച സവിശേഷമായ ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ, റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് നിർത്തി വെക്കാൻ യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും തത്വത്തിൽ തീരുമാനമെടുത്തു. എന്നാൽ ഇന്ത്യ ഈ സാഹചര്യം ഫലപ്രദമായി വിനിയോഗിച്ചു. തത്ഫലമായി, ആഗോള വിപണിയിൽ ലഭ്യമാകുന്നതിലും കുറഞ്ഞ വിലയ്ക്ക് റഷ്യയിൽ നിന്നും അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യാൻ ഇന്ത്യക്ക് സാധിച്ചു.
ഇതിനെ തുടർന്ന്, അസംസ്കൃത എണ്ണ ശുദ്ധീകരിച്ച് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുൻപന്തിയിലെത്താൻ ഇന്ത്യക്ക് സാധിച്ചു. റഷ്യയിൽ നിന്നും എണ്ണ വാങ്ങി വിപണനം നടത്തി സമ്പദ്ഘടനയെ ശാക്തീകരിക്കുന്ന ഇന്ത്യയെ കണ്ണുരുട്ടി പേടിപ്പിക്കാൻ അമേരിക്കയും യൂറോപ്യൻ യൂണിയനും ഒരു പാഴ്ശ്രമം നടത്തി നോക്കി. എന്നാൽ, യുദ്ധത്തിൽ സ്വീകരിച്ച നിഷ്പക്ഷ നിലപാടിൽ ഒട്ടും വെള്ളം ചേർക്കാതെ ഇത്തരം കണ്ണുരുട്ടലുകളെ അവഗണിക്കാനും, അന്താരാഷ്ട്ര വേദികളിൽ വേറിട്ട സ്വരമായി സ്വന്തം നിലപാടിൽ ഉറച്ച് നിൽക്കാനും നിർഭയം ഇന്ത്യക്ക് സാധിച്ചു.
യൂറോപ്പ് റഷ്യയിൽ നിന്നുമുള്ള എണ്ണ ഇറക്കുമതി പൂർണമായും അവസാനിപ്പിച്ച പുതിയ സാഹചര്യത്തിൽ, ഇന്ത്യയെ കേന്ദ്രീകരിച്ചുള്ള ഒരു പുത്തൻ ലോക സാമ്പത്തിക ക്രമം ഉയർന്നു വരും എന്ന കാര്യത്തിൽ തർക്കമില്ല. ഡോളറിലെ വിനിമയം അവസാനിപ്പിച്ച് രൂപയിൽ വിദേശ വിനിമയം നടത്താനുള്ള ഇന്ത്യയുടെ തീരുമാനവും, അതിനെ സർവാത്മനാ സ്വാഗതം ചെയ്ത റഷ്യയുടെ നിലപാടും ഈ സാഹചര്യത്തിൽ കൂട്ടി വായിക്കേണ്ടതാണ്.
റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം, യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റി അയക്കുന്ന ശുദ്ധീകരിച്ച എണ്ണയുടെ കണക്കിൽ 200 ശതമാനം വരെയാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. റഷ്യയിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയുടെ കണക്കിലാകട്ടെ 52 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പൊതുമേഖല- സ്വകാര്യ ഇന്ത്യൻ എണ്ണ ശുദ്ധീകരണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, റിലയൻസ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, നായർ എനർജി, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് ലിമിറ്റഡ് എന്നിവ ഈ മേഖലയിൽ വൻ ലാഭമുണ്ടാക്കുകയാണ്.
ഡോളറിനെ തഴഞ്ഞ് ദിർഹത്തിലാണ് നിലവിൽ ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇത് അവസാനിപ്പിച്ച് രൂപയിലേക്ക് ചുവടുമാറാനുള്ള ഇന്ത്യൻ നീക്കത്തെ ആദ്യം പിന്തുണച്ച രാജ്യമാണ് റഷ്യ. 63 പ്രബല ലോകരാജ്യങ്ങളാണ്, ഡോളറിനെ കൈവെടിഞ്ഞ് ഇന്ത്യൻ രൂപയിൽ അന്താരാഷ്ട്ര വിപണനം നടത്താൻ സന്നദ്ധത അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്. പ്രതിസന്ധികളെ അവസരമാക്കി മുന്നേറാനുള്ള ഇന്ത്യയുടെ നയം, ശുദ്ധീകരിച്ച എണ്ണയുടെ കയറ്റുമതിയിൽ ചരിത്ര മുന്നേറ്റം നടത്തുന്ന കാഴ്ചയാണ് 2023 തുടക്കത്തിലും കാണാൻ സാധിക്കുന്നത്. ഇതേ പാതയിൽ മുന്നേറിയാൽ, ആഗോള എണ്ണ വ്യവസായത്തിൽ അനിഷേധ്യമായ ശക്തിയായി ഇന്ത്യ മാറുന്ന കാലം അതിവിദൂരമല്ല.
Discussion about this post