ന്യൂഡൽഹി: പശുക്കൾക്കായി ഒരു ദിനം ആചരിക്കാൻ അഭ്യർത്ഥിച്ച് കേന്ദ്ര മൃഗ ക്ഷേമ ബോർഡ്. ഫെബ്രുവരി 14 കൗ ഹഗ് ഡേ ആയി ആഘോഷിക്കാനാണ് അഭ്യർത്ഥന. ഈ ദിനം പശുവിനെ ആലിംഗനം ചെയ്യാനും അഭ്യർത്ഥിക്കുന്നുണ്ട്.
ഇന്ത്യൻ സംസ്കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശു. നമ്മുടെ ജീവൻ നിലനിർത്തുന്നതും ജൈവവൈവിധ്യത്തെ പ്രതിനീധികരിക്കുന്നതുമാണ് പശു. മനുഷ്യരാശിക്ക് എല്ലാ ഐശ്വര്യങ്ങളും നൽകുന്ന അമ്മയെ പോലെ പരിപാലിക്കുന്ന സ്വഭാവമുള്ളതിനാലാണ് കാമധേനു, ഗോമാതാ എന്നും വിളിക്കുന്നതെന്ന് മൃഗ ക്ഷേമ ബോർഡിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. പശുവിനെ ആലിംഗനം ചെയ്യുന്നത് വൈകാരികമായ സന്തോഷത്തിനും പരസ്പര സൗഹാർദ്ദത്തിനും കാരണമാകുമെന്ന് പത്രക്കുറിപ്പിൽ പറയുന്നു. മൃഗങ്ങളോട് അനുകമ്പ കാണിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന് പിന്നിലെ പ്രധാനലക്ഷ്യമെന്നാണ് മൃഗ ക്ഷേമ ബോർഡ് വ്യക്തമാക്കുന്നത്.
പശു ആലിംഗനം ലോക വ്യാപകമായി സമാധാനത്തിനും മനശ്ശാന്തിക്കും ഉപയോഗിക്കുന്ന ഒരു രീതിയാണ്. പത്തുവർഷം മുൻപ് തന്നെ നെതർലൻഡ്സ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ആളുകൾ ഈ രീതി സ്വീകരിച്ചിരുന്നു. സ്വിറ്റ്സർലൻഡിലും മാനസിക സമ്മർദ്ദം കുറയ്ക്കാൻ പശുക്കളെ ആലിംഗനം ചെയ്യുന്ന രീതി പ്രചാരത്തിലുണ്ട്. എന്നാൽ ഈയിടെയായി പശു ആലിംഗനത്തിന്റെ പ്രചാരം വർദ്ധിച്ചിട്ടുണ്ട്. അമേരിക്കയിലെ പശു ഫാമുകളിൽ പശുവിനെ ആലിംഗനം ചെയ്യാനായി മണിക്കൂറുകൾ യാത്ര ചെയ്താണ് ആളുകൾ എത്തുന്നത്. പ്രകൃതിയോട് കൂടുതൽ അടുക്കാനും സഹജീവി സ്നേഹം വർദ്ധിക്കാനും വിഷാദ രോഗത്തെ ചെറുക്കാനും ഈ രീതിക്ക് കഴിയുമെന്നാണ് കരുതപ്പെടുന്നത്.
Discussion about this post