ബംഗാൾ : കൽക്കരി കോഴക്കേസുമായി ബന്ധപ്പെട്ട് കൊൽക്കത്തയിലെ പ്രമുഖ വ്യവസായിയുടെ ഓഫീസിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വൻ തുക പിടിച്ചെടുത്തതായി റിപ്പോർട്ട്. കേസന്വേഷണവുമായി ബന്ധപ്പെട്ട് കൊൽക്കത്തയിലെ വിവിധ ഇടങ്ങളിൽ അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെയാണ് മഞ്ജിത് സിംഗ് ജിത്തയുടെ ഓഫീസിൽ നിന്ന് വൻ തുക പിടിച്ചെടുത്തത്.
കൊൽക്കത്തയിലെ ബോളിഗഞ്ചിലെ 5 എ ഏൾ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ഗജരാജ് ഗ്രൂപ്പിന്റെ ഓഫീസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഒരു സംഘം റെയ്ഡ് നടത്തുകയായിരുന്നു. കമ്പനിയുടെ ഡയറക്ടർ വിക്രം ഷിക്കാരിയയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതായും വൃത്തങ്ങൾ അറിയിച്ചു.
കണക്കിൽ പെടാത്ത ഒരു കോടിയിലധികം രൂപ ഇയാളുടെ ഓഫീസിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കൊൽക്കത്തയിൽ സ്വാധീനമുള്ള ഏതാനും രാഷ്ട്രീയക്കാരുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. വ്യവസായി ഒളിവിലാണെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.








