തൊടുപുഴ: പ്രണയിച്ച യുവാവിനൊപ്പം കോടതി വിട്ടയച്ച യുവതിയേയും സുഹൃത്തുക്കളേയും തടഞ്ഞു നിർത്തി മർദ്ദിച്ച് സിപിഎം നേതാക്കളും പെൺകുട്ടിയുടെ ബന്ധുക്കളും. കോടതിക്ക് സമീപത്ത് വച്ചാണ് യുവാവിനും യുവതിക്കും സുഹൃത്തുക്കൾക്കും മർദ്ദനമേറ്റത്. സംഘർഷം നിയന്ത്രിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്കും മർദ്ദനമേറ്റു. പരിക്കേറ്റ പോലീസുകാരുടെ പരാതിയിൽ സിപിഎം തൊടുപുഴ ഏരിയ സെക്രട്ടറിമാരായ മുഹമ്മദ് ഫൈസൽ, ടി.ആർ.സോമൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ഷിംനാസ്, ആൽബിൻ വടശ്ശേരി, എം.എസ്.ശരത്, പെൺകുട്ടിയുടെ ബന്ധുക്കൾ, യുവാവിനൊപ്പം എത്തിയ മൂന്ന് സുഹൃത്തുക്കൾ എന്നിവരടക്കം 14 പേർക്കെതിരെ കേസെടുത്തു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ മുട്ടം കോടതിക്ക് സമീപമാണ് സംഭവം. ചെറുതോണി സ്വദേശിനിയായ പെൺകുട്ടി തൊടുപുഴയിലെ സ്വകാര്യ കോളേജിലാണ് പഠിക്കുന്നത്. ഇക്കഴിഞ്ഞ നാലാം തിയതി മുതൽ പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ കരിങ്കുന്നം പോലീസിൽ പരാതി നൽകി. ടവർ ലൊക്കേഷൻ പരിശോധിച്ച പോലീസ് പെൺകുട്ടി മലപ്പുറത്താണെന്ന് കണ്ടെത്തി.
പോലീസെത്തി പെൺകുട്ടിയേയും ഒപ്പമുണ്ടായിരുന്ന യുവാവിനേയും കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയുടെ ആവശ്യപ്രകാരം യുവാവിനൊപ്പം പോകാൻ കോടതി അനുവദിച്ചു. കോടതി നടപടികൾ പൂർത്തിയാക്കി ഇറങ്ങിയപ്പോഴാണ് പെൺകുട്ടിയേയും സുഹൃത്തുക്കളേയും റോഡിൽ തടഞ്ഞുനിർത്തി മർദ്ദിച്ചത്. സംഘർഷത്തിനിടെ വനിതാ സിപിഒയുടെ ഫോണും ചിലർ പിടിച്ചുവാങ്ങി. പിന്നാലെ തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിൽ നിന്നായി നൂറോളം പോലീസുകാരെത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. ഇതിനിടെ പെൺകുട്ടി എത്തിയ കാറും സിപിഎം നേതാക്കൾ തട്ടിക്കൊണ്ടു പോയിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് ഫോണും കാറും തിരികെ നൽകിയത്.
Discussion about this post