തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പം ദിവസങ്ങൾക്ക് മുൻപ് കൃത്യമായി പ്രവചിച്ച ഡച്ച് ഗവേഷകൻ ഫ്രാങ്ക് ഹബഗർബീറ്റ്‌സ് നടത്തിയ പുതിയ പ്രവചനമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഫ്രാങ്കിന്റെ പുതിയ പ്രവചനം ഇന്ത്യ പാകിസ്താൻ അഫ്ഗാനിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
തുർക്കിയിൽ ഭൂകമ്പം നടക്കുന്നതിന് മൂന്ന് ദിവസം മുൻപ് തന്നെ അദ്ദേഹം ഏതൊക്കെ ഭാഗങ്ങളെ അത് ബാധിക്കുമെന്ന് കൃത്യമായി പ്രവചിച്ചിരുന്നു. അതുപോലെ തന്നെ സംഭവിക്കുകയും പതിനായിരക്കണക്കിന് ആളുകൾ മരിക്കുകയും ചെയ്തു. ഇപ്പോഴും നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്.
എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സംഭവിക്കാനിരിക്കുന്നത് വൻ ദുരന്തമാണെന്നാണ് ഫ്രാങ്ക് പ്രവചിക്കുന്നത്. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലും ദുരന്തം നാശം വിതയ്ക്കുമെന്ന് അദ്ദേഹം പറയുന്നു. അഫ്ഗാനിസ്ഥാനിൽ രൂപപ്പെടുന്ന ഭൂകമ്പം ഇന്ത്യയിലൂടെയും പാകിസ്താനിലൂടെയും കടന്നുപോകുമെന്നും ഒടുവിൽ അത് ഇന്ത്യൻ മഹാസമുദ്രത്തിൽ ചെന്ന് അവസാനിക്കുമെന്നും ഡച്ച് ഗവേഷകൻ പ്രവചിക്കുന്നു. ഏതൊക്കെ മേഖലകളെ ഇത് ബാധിക്കുമെന്നും ഫ്രാങ്ക് വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
അന്തരീക്ഷത്തിലെ ഏറ്റക്കുറച്ചിലുകൾ നോക്കുകയാണെങ്കിൽ ഈ പ്രദേശങ്ങളിൽ വലിയ ഭൂകമ്പത്തിനുള്ള സാധ്യതകൾ ഏറെയാണ്. എന്നാൽ ഇവ പ്രവചനങ്ങൾ മാത്രമാണെന്നും അന്തരീക്ഷത്തിലെ മാറ്റങ്ങളിലൂടെ എല്ലാ ഭൂകമ്പങ്ങളും അളക്കാനോ പ്രവചിക്കാനോ സാധിക്കില്ലെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.
അതേസമയം പാകിസ്താൻ കാലാവസ്ഥാ വകുപ്പ് ഈ പ്രവചനങ്ങൾ നിരസിച്ചു. തുർക്കിയുടെയും പാകിസ്താന്റെയും ഫോൾട്ട് ലൈനുകൾ തമ്മിൽ സാമ്യമില്ലെന്നും ഇത്തരം പ്രവചനങ്ങൾക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നുമാണ് പാകിസ്താൻ കാലാവസ്ഥാ വകുപ്പ് (പിഎംഡി) പറഞ്ഞത്. പാകിസ്താന് സ്വന്തമായി അത്യാധുനിക നിരീക്ഷണ സംവിധാനമുണ്ട്. നിലവിൽ തുർക്കിയിലെയും സിറിയയിലെയും തുടർചലനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് പിഎംഡി ഡയറക്ടർ ഷാഹിദ് അബ്ബാസ് പറഞ്ഞു.
Discussion about this post