മുംബൈ: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ ഗോദ്‌റെജ് ആൻഡ് ബോയ്‌സ് മാനുഫാച്ചറിംഗ് കമ്പനിയ്ക്ക് തിരിച്ചടി. പദ്ധതിയുടെ ഭാഗമായി മഹാരാഷ്ട്ര സർക്കാരും എൻഎച്ച്എസ്ആർസിഎല്ലും ആരംഭിച്ച ഏറ്റെടുക്കൽ നടപടികളെ ചോദ്യം ചെയ്ത കമ്പനിയുടെ ഹർജി ബോംബെ ഹൈക്കോടതി തള്ളി.
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി ദേശീയപ്രാധാന്യമുള്ളതും പൊതുതാത്പര്യമുള്ളതുമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ആർഡി ധനുക,എംഎം സതയെ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.ദേശീയ പ്രധാന്യമുള്ള ഒരു പദ്ധതിക്കു സ്വകാര്യതാത്പര്യങ്ങൾക്കു മുകളിൽ മുൻഗണനയുണ്ടെന്ന് കോടതി ഉത്തരവിൽ പറഞ്ഞു. വിക്രോളിയിലെ ഭൂമി ഏറ്റെടുക്കലിന് എതിരെയാണ് ഗോദ്‌റെജ് കോടതിയെ സമീപിച്ചത്.
മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള 508.17 കിലോമീറ്റർ റെയിൽപാതയിൽ 21 കിലോമീറ്ററും ഭൂമിക്കടിയിലാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഭൂഗർഭ തുരങ്കത്തിലേക്കുള്ള പ്രവേശന കവാടത്തിലൊന്ന് വിക്രോളിയിലെ ഗോദ്റെജിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലൂടെയാണ് കടന്നുപോകുന്നത്. ഇതിനെതിരെയായിരുന്നു കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.
പൊതു പ്രാധാന്യമുള്ള പദ്ധതിയെ കമ്പനി വൈകിപ്പിക്കുകയാണെന്ന് സംസ്ഥാന സർക്കാരും നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡും (എൻഎച്ച്എസ്ആർസിഎൽ) ഹൈക്കോടതിയിൽ ആരോപിച്ചിരുന്നു.മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി വിക്രോളി ഏരിയയിലെ ഗോദ്റെജ് ആൻഡ് ബോയ്സ് മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ഒഴികെയുള്ള മുഴുവൻ പാതയുടെയും ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായതായി അധികൃതർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നഷ്ടപരിഹാരമായി നൽകേണ്ട 264 കോടി ഇതിനോടകം തന്നെ കെട്ടിവച്ചിട്ടുള്ളതാണെന്നും സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. നഷ്ടപരിഹാരം നിശ്ചയിച്ചതിൽ നിയമവിരുദ്ധമായി ഒന്നും കാണുന്നില്ലെന്ന് കോടതി വിധി പ്രസ്താവത്തിനിടെ അഭിപ്രായപ്പെട്ടു.
ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 2019 മുതൽകമ്പനിയും സർക്കാരും തമ്മിൽ നിയമ യുദ്ധത്തിലായിരുന്നു.
Discussion about this post