ന്യൂഡൽഹി : ഇന്ത്യയിലെ യുഎസ് അംബാസഡറായി നിയമിതനായ സെർജിയോ ഗോർ ന്യൂഡൽഹിയിലെത്തി ചുമതല ഏറ്റെടുത്തു. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തൻ ആയാണ് സെർജിയോ ഗോർ അറിയപ്പെടുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ട്രംപ് തന്നിൽ ഏൽപ്പിച്ചിരിക്കുന്നത് എന്ന് ചുമതലയേറ്റ വേളയിൽ സെർജിയോ ഗോർ വ്യക്തമാക്കി. തന്റെ സുഹൃത്ത് മോദിയോട് ക്ഷേമാന്വേഷണങ്ങൾ അറിയിക്കണമെന്ന് ട്രംപ് പറഞ്ഞതായും ഗോർ സൂചിപ്പിച്ചു.
ന്യൂഡൽഹിയിലെ യുഎസ് എംബസിയിൽ എത്തി ചുമതലയേറ്റ സെർജിയോ ഗോർ വിവിധ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. ട്രംപ് വൈകാതെ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിൽ അദ്ദേഹം വ്യക്തമാക്കി. ട്രംപ് തന്റെ അവസാന ഇന്ത്യാ സന്ദർശനത്തെക്കുറിച്ചും പ്രധാനമന്ത്രി മോദിയുമായുള്ള ബന്ധത്തെക്കുറിച്ചും അടുത്തിടെ ഊഷ്മളമായി സംസാരിച്ചതായി അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിലായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും യു എസും തമ്മിലുള്ള ബന്ധം ഇപ്പോൾ ഏറ്റവും ഉയർന്ന രാഷ്ട്രീയ തലത്തിലാണ് നിലയുറപ്പിച്ചിട്ടുള്ളത് എന്നും സെർജിയോ ഗോർ സൂചിപ്പിച്ചു. ” “യഥാർത്ഥ സുഹൃത്തുക്കൾ തമ്മിൽ വിയോജിപ്പുകൾ ഉണ്ടാകും. പക്ഷേ ഒടുവിൽ അഭിപ്രായ വ്യത്യാസങ്ങൾ അവർ പറഞ്ഞു പരിഹരിക്കുക തന്നെ ചെയ്യും. പ്രസിഡന്റ് ട്രംപിനൊപ്പം ഞാൻ ലോകം മുഴുവൻ സഞ്ചരിച്ചിട്ടുണ്ട്, പ്രധാനമന്ത്രി മോദിയുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം യഥാർത്ഥമാണെന്ന് എനിക്ക് സാക്ഷ്യപ്പെടുത്താൻ കഴിയും” എന്നും സെർജിയോ ഗോർ മാധ്യമങ്ങളോട് വ്യക്തമാക്കി.













Discussion about this post