തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികളുടെ ഗണിത പഠന നിലവാരം കുറഞ്ഞതായി ദേശീയ സർവ്വേ. ആന്വൽ സ്റ്റാറ്റസ് ഓഫ് എജ്യുക്കേഷൻ റിപ്പോർട്ട്-റൂറൽ 2022 ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2018നെ അപേക്ഷിച്ച് 2022ൽ വിദ്യാർത്ഥികളുടെ ഗണിത പഠന ശേഷി പിന്നോട്ടാണ്. പല ക്ലാസിലെയും വിദ്യാർത്ഥകളുടെയും ഗണിത പഠനശേഷി ദേശീയ ശരാശരിയേക്കാളും കുറവാണെന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.
2018ൽ കേരളത്തിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികളുടെ ഗണിതശേഷി 48.5 ശതമാനമായിരുന്നത് 2022ൽ 38.6 ശതമാനമായി കുറഞ്ഞു. അഞ്ചാം ക്ലാസിൽ കണക്കിലെ ഹരണക്രിയ ചെയ്യാനുള്ള വിദ്യാർത്ഥിയുടെ കഴിവ് 2018ൽ 43 ശതമാനമായിരുന്നത് 2022ൽ 26.6 ശതമാനമായും കുറഞ്ഞു. എട്ടാം ക്ലാസിൽ ഹരണക്രിയ ചെയ്യാനുള്ള കഴില് 2018 ൽ 51.8 ശതമാനമായിരുന്നത് 2022 ൽ 44 ശതമാനമായി കുറഞ്ഞതായും സർവ്വേ ചൂണ്ടിക്കാണിക്കുന്നു.
ഒന്നാം ക്ലാസിൽ 10.8 ശതമാനവും രണ്ടാം ക്ലാസിൽ 3.9 ശതമാനവും മൂന്നാം ക്ലാസിൽ 1.4 ശതമാനവും നാലാം ക്ലാസിൽ 1.5 ശതമാനവും അഞ്ചാം ക്ലാസിൽ 1.4 ശതമാനവും വിദ്യാർത്ഥികൾക്ക് ഒറ്റ അക്ക സംഖ്യകൾ തിരിച്ചറിയാനാകുന്നില്ല.
കൊറോണമഹാമാരിയ്ക്ക് പിന്നാലെ നേരിട്ടുള്ള അദ്ധ്യായനം നടക്കാത്തത് ഗണിതശേഷി നിലവാരം കുറയാൻ കാരണമായിരിക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ വ്യക്തമാക്കിയത്.
Discussion about this post