മുംബൈ: ഗൗതം അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിസർച്ചിന്റെ വ്യാജ പ്രചാരണങ്ങൾക്കെതിരെ കമ്പനി നിയമനടപടിക്കൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. വൻകിട കമ്പനികൾക്കായി കേസുകൾ വാദിക്കുന്ന വാച്ചടെൽ എന്ന നിയമസ്ഥാപനമാണ് അദാനിക്ക് വേണ്ടി നിയമപോരാട്ടത്തിനെത്തുക. വാച്ച് ടെല്ലിന്റെ സീനിയർ അഭിഭാഷകരുമായി അദാനി ഗ്രൂപ്പ് പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. അമേരിക്കയിലാണ് ആദ്യഘട്ടത്തിലെ നിയമനടപടികൾ.
വ്യാജപ്രചാരണങ്ങൾ കടുത്തതോടെ നിയമനടപടി സ്വീകരിക്കുമെന്ന് റിപ്പോർട്ട് വന്ന് രണ്ട് ദിവസത്തിന് പിന്നാലെ അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നു. നിക്ഷേപകരെ തങ്ങളുടെ ഓഹരികൾ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ച സ്റ്റോക്ക് മാർക്കറ്റിലെ കൃത്രിമത്വവും അക്കൗണ്ടിംഗ് വഞ്ചനയും ആരോപിച്ച് ഹിൻഡൻബർഗ് റിസർച്ചിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നത്.
റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്നാണ് അദാനി ഗ്രൂപ്പ് ചൂണ്ടിക്കാണിക്കുന്നത്. സൽപ്പേര് കളങ്കപ്പെടുത്താൻ അടിസ്ഥാനരഹിതവും അപകീർത്തിപ്പെടുത്താത്തതുമായ ആരോപണങ്ങളാണ് റിപ്പോർട്ട് ഉന്നയിക്കുന്നതെന്നാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയത്.
Discussion about this post