കോഴിക്കോട്: മന്ത്രി കെ.എം. മാണി ആരോപണവിധേയനായ ബാര്‍ കോഴക്കേസിലും മുന്‍ മന്ത്രി എളമരം കരീം ആരോപണവിധേയനായ ചക്കിട്ടപ്പാറ ഖനന കേസിലും നടന്നത് കോണ്‍ഗ്രസും സി.പി.എമ്മിലെ ഒരു വിഭാഗവും തമ്മിലുണ്ടായ ഒത്തുകളിയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്.
ബാര്‍ കോഴക്കേസ് ഏറ്റെടുക്കില്ലെന്ന ഉറപ്പിലാണ് എളമരത്തിനെതിരായ കേസ് വിജിലന്‍സ് ഒഴിവാക്കിയതെന്ന് മുരളീധരന് പറഞ്ഞു. ഇതിന് ഇരു പാര്‍ട്ടികളും വലിയ വില കൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് എരഞ്ഞിപ്പാലത്ത് കാലത്ത് ഏഴ് മണിക്ക് തന്നെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ബി.ജെ.പി സമ്പൂര്‍ണ ആത്മവിശ്വാസത്തിലാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതുന്ന തെരഞ്ഞെടുപ്പാണിത്. ഇത്രയും കാലം ഇരു മുന്നണികള്‍ക്കും വേണ്ടി വോട്ട് ചെയ്തവര്‍ ഇക്കുറി മാറി വോട്ട് ചെയ്യും. കഴിഞ്ഞ തവണ രണ്ടോ മൂന്നോ പഞ്ചായത്തുകളിലായിരുന്നു ബി.ജെ.പി.യുടെ ഭരണം ഉണ്ടായിരുന്നതെങ്കില്‍ ഇക്കുറി എല്ലാ ജില്ലകളിലും ബി.ജെ.പി. ഭരിക്കുന്ന പഞ്ചായത്തുകള്‍ ഉണ്ടാകും. ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും പാര്‍ട്ടിയുടെ സീറ്റുകളിലും വന്‍ വര്‍ധനവ് ഉണ്ടാകും-മുരളീധരന് പറഞ്ഞു.
വെള്ളാപ്പള്ളി നടേശന് ആരോപിച്ചതുപോലെ കേരളത്തില്‍ മൂന്നാം മുന്നണി രൂപവത്കരിക്കുന്നതില്‍ ബി.ജെ.പി.യുടെ ഭാഗത്ത് നിന്ന് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്നും മുരളീധരന് വ്യക്തമാക്കി.
Discussion about this post