മലപ്പുറം: പൊതുറോഡിൽ പതിനേഴുകാരന് സ്‌കൂട്ടർ ഓടിക്കാൻ നൽകിയ ബന്ധുവിന് 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവ് ശിക്ഷയും വിധിച്ച് കോടതി. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കൂട്ടിലങ്ങാടി കൂരിവീട്ടിൽ റിഫാക്ക് റഹ്മാന്(33) ശിക്ഷ വിധിച്ചത്. 2022 ഒക്ടോബർ 19നായിരുന്നു കേസിനാസ്പദമായ സംഭവം.
പിതാവിന്റെ സഹോദര പുത്രനായ 17കാരനാണ് ഇയാൾ സ്‌കൂട്ടർ ഓടിക്കാൻ നൽകിയത്. മലപ്പുറത്ത് നിന്ന് രാമപുരത്തേക്ക് സ്‌കൂട്ടറിൽ പോവുകയായിരുന്ന കുട്ടിയെ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ തടഞ്ഞു നിർത്തി.
പരിശോധനയിൽ കുട്ടിയുടെ കൈവശം ലൈസൻസ് ഇല്ലെന്നും, കുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ലെന്നും കണ്ടെത്തി. സ്‌കൂട്ടർ കസ്റ്റഡിയിലെടുത്ത പോലീസ് തന്നെ കുട്ടിയെ ഓട്ടോറിക്ഷയിൽ വീട്ടിലെത്തിലെത്തിക്കുകയും ചെയ്തു. പിഴയടച്ചില്ലെങ്കിൽ 15 ദിവസത്തെ തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് ഇയാൾ കോടതിയിൽ പിഴയൊടുക്കുകയായിരുന്നു.












