ന്യൂഡൽഹി: ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയുടെ ആദ്യ ഭാഗം ഡൽഹി-ദൗസ-ലാൽസോട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. 246 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഭാഗം 12,150 കോടി രൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്. ഡൽഹി-ദൗസ-ലാൽസോട്ട് പാത തുറന്നു കൊടുക്കുന്നതോടെ ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്കുള്ള യാത്രാസമയം 5 മണിക്കൂറിൽ നിന്ന് 3.5 മണിക്കൂറായി കുറയും. ഇത് ഈ മേഖലയുടെ സാമ്പത്തിക വികസനത്തിന് ഊർജമേകും.
ആകെ 1356 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന പാതയുടെ ആകെ ചിലവ് 90,000 കോടി രൂപയാണ്. മുംബൈയും ഡൽഹിയും തമ്മിലുള്ള നിലവിലെ യാത്രാ ദൂരമായ 1424 കിലോമീറ്ററിൽ നിന്നും എക്‌സ്പ്രസ് വേ1242 കിലോമീറ്ററിലേക്ക് മാറും. നിലവിൽ റോഡ് മാർഗം ഡൽഹി-മുംബൈ യാത്രാ സമയം 24 മണിക്കൂറാണ്. എക്‌സ്പ്രസ് വേ പാത പൂർണ്ണമായും സജ്ജമാകുന്നതോടെ ഈ സമയം 12 മണിക്കൂറായി ചുരുങ്ങും.
ആറു സംസ്ഥാനങ്ങൾ വഴി കടന്നു പോകുന്ന പാത വൻ വികസന മുന്നേറ്റമാണ് രാജ്യത്തിനു നൽകുവാൻ പോകുന്നത്. ഡൽഹി-മുംബൈ എക്‌സ്പ്രസ് വേ കടന്നുപോകുന്ന നഗരങ്ങളെല്ലാം വികസത്തിൽ വൻ കുതിപ്പു നടത്തും. ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ ആറു സംസ്ഥാനങ്ങളിലൂടെയുള്ള പാത കോട്ട, ഇൻഡോർ, ജയ്പൂർ, ഭോപ്പാൽ, വഡോദര, സൂറത്ത് തുടങ്ങിയ പ്രധാന നഗരങ്ങളിലൂടെ കടന്നു പോകുന്നു.
Discussion about this post