കൊച്ചി: എറാണകുളത്ത് ഐപിഎസ് ഉദ്യോഗസ്ഥന്റെ വിവാഹത്തിന് സർക്കാർ ഉദ്യോഗസ്ഥരെയും വാഹനങ്ങളും
ദുരുപയോഗം ചെയ്യുന്നതായി വിവരം. ഉദ്യോഗസ്ഥന്റെ വിവാഹത്തിന് പങ്കെടുക്കാനായി എത്തുന്ന അതിഥികളെ നക്ഷത്ര ഹോട്ടലുകളിലെത്തിക്കാൻ സർക്കാർ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഐ.ആർ. ബറ്റാലിയൻ കമാൻഡന്റ് പദം സിങ്ങിന്റെ വിവാഹത്തിനാണ് പോലീസിന്റെയും എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും വാഹനങ്ങൾ അനധികൃതമായി ഉപയോഗിച്ചത്.
കഴിഞ്ഞ രണ്ടു ദിവസമായി പത്തോളം സർക്കാർ വാഹനങ്ങളാണ് പദം സിങ്ങിന്റെ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കുന്നത്. ജീപ്പ് കോമ്പസ് മുതൽ കൊറോള വരെയുള്ള സർക്കാരിന്റെ ആഡംബര വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഔദ്യോഗിക ബോർഡുകൾ മറച്ചാണ് വാഹനങ്ങൾ ഉപയോഗിക്കുന്നത്. അതിഥികളെ സ്വീകരിക്കാനും ബാഗ് ചുമക്കാനും വരെ പോലീസുകാരുണ്ട്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പറന്നിറങ്ങുന്ന പദംസിങ്ങിന്റെ ഓരോ അതിഥികളും ബീക്കൺ ലൈറ്റിട്ട് രാജകീയമായാണ് നക്ഷത്ര ഹോട്ടലുകളിലേക്ക് എത്തുന്നത്. ജില്ലയിലെ ഒരു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന് നൽകിയിട്ടുള്ള രണ്ട് വാഹനങ്ങളും കല്യാണ ഓട്ടത്തിന് വിട്ടുനൽകിയിട്ടുണ്ട്.
Discussion about this post