ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ നാലാം വാർഷികത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരസൈനികർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈനികരുടെ ത്യാഗത്തെ രാജ്യം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
” പുൽവാമയിൽ ഇന്നേ ദിവസം ജീവൻ നഷ്ടമായ നമ്മുടെ ധീരരായ സൈനികരെ ഓർമിക്കുകയാണ്. അവരുടെ ത്യാഗത്തെ നമ്മൾ ഒരിക്കലും മറക്കില്ല. ശക്തവും വികസിതവുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാൻ അവരുടെ ധൈര്യം നമ്മെ പ്രേരിപ്പിക്കുകയാണ്” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് ഭീകരർ ആക്രമണം നടത്തുന്നത്. ദേശീയപാത 44ൽ അവന്തിപ്പോരയ്ക്കടുത്ത് സമീപം ഭീകരർ സ്‌ഫോടക വസ്തുക്കൾ നിറച്ച സ്‌കോർപിയോ വാൻ സൈനികരുടെ വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. ഉഗ്രഫോടനത്തിൽ ചിന്നിച്ചിതറിയ ബസിലെ 40 സൈനികർ വീരമൃത്യു വരിച്ചു.
പുൽവാമ കാകപോറ സ്വദേശി ആദിൽ അഹമ്മദ് ദർ ആയിരുന്നു ചാവേർ. ആക്രമണത്തിന്റെ 12-ാം ദിനം ഇന്ത്യ തിരിച്ചടിച്ചു. പാകിസ്താനിലെ ബാലാകോട്ടിലെ ഭീകരരുടെ പരിശീലനകേന്ദ്രം മിന്നലാക്രമണത്തിൽ ഇന്ത്യൻ സേന തകർത്തു. ഫെബ്രുവരി 26ന് പുലർച്ചെയാണ് ഇന്ത്യൻ വ്യോമസേനയുടെ ജെറ്റുകൾ ബാലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദ് ക്യാമ്പിൽ ബോംബാക്രമണം നടത്തിയത്.
Discussion about this post