ടി20 ലോകകപ്പിൽ നിന്ന് പാകിസ്താൻ പിന്മാറുമെന്ന അഭ്യൂഹങ്ങൾക്കിടെ പരിഹാസവുമായി ഐസ്‌ലൻഡ് ക്രിക്കറ്റ് രംഗത്ത്. പാകിസ്താൻ പിന്മാറുകയാണെങ്കിൽ പകരം കളിക്കാൻ തങ്ങൾ തയ്യാറാണെന്നാണ് ഐസ്‌ലൻഡ് ക്രിക്കറ്റ് ബോർഡ് തമാശരൂപേണ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്ന് നേരത്തെ പിന്മാറിയിരുന്നു. ഇതിന് പിന്നാലെ പാകിസ്താനും പിന്മാറ്റ ഭീഷണി മുഴക്കുന്ന പശ്ചാത്തലത്തിലാണ് ഈ പരിഹാസം.
“പാകിസ്താൻ തങ്ങളുടെ തീരുമാനം എത്രയും വേഗം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫെബ്രുവരി 2-ന് അവർ പിന്മാറിയാൽ ഉടൻ തന്നെ പറന്നുയരാൻ ഞങ്ങൾ തയ്യാറാണ്. എന്നാൽ ഫെബ്രുവരി 7-ന് കൊളംബോയിൽ എത്തുക എന്നത് വിമാന സർവീസുകളുടെ ലഭ്യത കുറവ് കാരണം വലിയ വെല്ലുവിളിയാണ്. ഞങ്ങളുടെ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ ആണെങ്കിൽ ഉറക്കമില്ലായ്മ (Insomniac) അനുഭവിക്കുന്ന ആളുമാണെന്നാണ് ഐസ്ലൻഡ് പരിഹസിച്ചത്.
സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് ഇന്ത്യയിൽ കളിക്കില്ലെന്ന് പ്രഖ്യാപിച്ച ബംഗ്ലാദേശിനെ ഐസിസി ടൂർണമെന്റിൽ നിന്ന് പുറത്താക്കിയിരുന്നു. ബംഗ്ലാദേശിന് പകരം സ്കോട്ട്‌ലൻഡിനെ ടൂർണമെന്റിൽ ഉൾപ്പെടുത്തി. ഇതിനെതിരെ പാക് ക്രിക്കറ്റ് ബോർഡ് (PCB) ചെയർമാൻ മൊഹ്സിൻ നഖ്‌വി രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾ കൊഴുത്തത്.
അവസാന നിമിഷം ടൂർണമെന്റിൽ നിന്ന് പിന്മാറാൻ ശ്രമിച്ചാൽ പാക് ക്രിക്കറ്റിന് കനത്ത വില നൽകേണ്ടി വരുമെന്ന് ഐസിസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഐസിസിയിൽ നിന്നുള്ള വാർഷിക വരുമാനം തടഞ്ഞുവെക്കുക,പാക് സൂപ്പർ ലീഗിൽ (PSL) വിദേശ താരങ്ങൾ കളിക്കുന്നതിനുള്ള എൻഒസി നിഷേധിക്കുക,ഏഷ്യാ കപ്പ് ഉൾപ്പെടെയുള്ള ടൂർണമെന്റുകളിൽ നിന്ന് വിലക്കുക,മറ്റ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി പരമ്പരകൾ റദ്ദാക്കുക തുടങ്ങിയ നടപടികൾ നേരിടേണ്ടി വരും.
നിലവിലെ ഷെഡ്യൂൾ അനുസരിച്ച് പാകിസ്താൻ്റെ മത്സരങ്ങൾ ഹൈബ്രിഡ് മോഡലിൽ ശ്രീലങ്കയിലാണ് നടക്കുന്നത്. ഫെബ്രുവരി 15-ന് കൊളംബോയിൽ വെച്ചാണ് തീപാറുന്ന ഇന്ത്യ-പാക് പോരാട്ടം നടക്കേണ്ടത്. എന്നാൽ ബംഗ്ലാദേശിനെ പിന്തുണച്ച് പാകിസ്താനും പിന്മാറ്റ നാടകം തുടരുന്നത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.













Discussion about this post