ബംഗളൂരു : കിണറ്റിൽ വീണ പെൺപുലിയെ കിണറ്റിലിറങ്ങി രക്ഷിച്ച യുവഡോക്ടർക്ക് അഭിനന്ദനപ്രവാഹം. ദക്ഷിണ കന്നഡയിലെ മൂടുബിദിരി നിഡോഡിയിലാണ് സംഭവം . 30 അടിയിലധികം താഴ്ചയുള്ള കിണറ്റിൽ വീണ പുലിക്കുട്ടിയെയാണ് ഡോക്ടർ രക്ഷിച്ചത്. പുലിക്കുട്ടി, കിണറ്റിലെ ഗുഹ പോലുള്ള സ്ഥലത്താണ് ഒളിച്ചിരുന്നത്. രണ്ട് ദിവസമായി വനംവകുപ്പ് ശ്രമിച്ചിട്ടും പുലിക്കുട്ടിയെ കിണറ്റിൽ നിന്ന് കയറ്റാനായില്ല.
തുടർന്ന് വനംവകുപ്പുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന സന്നദ്ധ സംഘടനയായ ‘ചിറ്റേ പിലി വൈൽഡ് ലൈഫ് റെസ്‌ക്യൂ സെന്ററിലെ’ വിദഗ്ധ ഡോക്ടർ സ്ഥലത്തെത്തി. പുറത്ത് നിന്ന് പുലിയെ രക്ഷിക്കാനാകില്ലെന്ന് മനസിലായ സംഘത്തിലെ ഡോ. മേഘന പെമ്മയ്യ കിണറ്റിൽ ഇറങ്ങാൻ തയ്യാറായി.
അനസ്തെറ്റിക് നിറച്ച ഡാർട്ട് ഗണ്ണും പിടിച്ച് മേഘന പ്രത്യേക കൂട്ടിനുള്ളിൽ ഇരുന്നു. പിന്നീട് വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ആ കൂട് കിണറ്റിൽ ഇറക്കി. ഗുഹയ്ക്കുള്ളിൽ ഇരിക്കുന്ന പുള്ളിപ്പുലിക്കുട്ടിയെ ലക്ഷ്യമിട്ട് മേഘ്ന അനസ്തെറ്റിക് ഇഞ്ചക്ഷൻ നൽകി. അല്പനേരത്തിനകം പുലിയ്ക്ക് ബോധം നഷ്ടപ്പെട്ടതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കയറിലൂടെ ഇറങ്ങി പുലിയെ രക്ഷപ്പെടുത്തി.
ഡോക്ടറോടൊപ്പം കൂട്ടിലിരുത്തിയാണ് പുലിക്കുട്ടിയെ കിണറ്റിന് പുറത്തെത്തിച്ചത്. പുറത്തെടുത്ത പുലിക്കുട്ടിക്ക് വീണ്ടും കുത്തിവയ്പ്പ് നൽകി അബോധാവസ്ഥയിലാക്കി. ഡോക്ടർമാർ ചേർന്ന് പരിശോധന നടത്തിയ ശേഷം വനത്തിലേക്കയച്ചു.
Discussion about this post