ജയ്പൂർ : അതിർത്തി ലംഘിച്ചെന്ന കുറ്റത്തിന് പാകിസ്താൻ ജയിലിൽ ശിക്ഷയനുഭവിച്ച യുവാവ് തിരിച്ചെത്തി. രാജസ്ഥാനിലെ ബാഡ്മർ സ്വദേശിയായ ഗെമാര റാം മേഘ്വാളിനെയാണ് പാകിസ്താൻ രണ്ട് വർഷത്തിന് ശേഷം ജയിൽ മോചിതനാക്കിയത്. രണ്ട് തടവുകാരെ ഇന്ന് വാഗ – അട്ടാരി അതിർത്തിയിലൂടെ വിട്ടയക്കാനുള്ള പാകിസ്താൻ സർക്കാരിൻറെ തീരുമാനം ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് അറിയിച്ചത്. തടവുകാരെ സ്വദേശത്തേക്ക് എത്തിക്കുന്നത് സംബന്ധിച്ച് ജില്ല ഭരണകൂടത്തിന് നിർദേശം നൽകാൻ ആഭ്യന്തര മന്ത്രാലയത്തോട് പറഞ്ഞുവെന്നും ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചിരുന്നു.
2020 നവംബറിൽ മേഘ്വാൾ തൻറെ കാമുകിയുടെ വീട്ടിൽ കയറിയതിനെ തുടർന്ന് ഇയാളെ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ പിടികൂടി. ഇവിടെ നിന്ന് രക്ഷപ്പെട്ട് ഭയന്ന് ഓടിയതിനിടെയാണ് അതിർത്തി കടന്നത്. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 2.5 കിലോമീറ്റർ അകലെയായിരുന്നു പെൺകുട്ടിയുടെ വീട്.
അതിർത്തി കടന്ന മേഘ്വാളിനെ, സിന്ധ് പോലീസാണ് പിടികൂടിയത്. സിന്ധ് ഡിവിഷൻറെ തലസ്ഥാനമായ ജയിലിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്. ബാഡ്മർ എംപി കൈലാഷ് ചൗധരിയാണ് മേഘ്വാളിൻറെ ജയിൽ മോചനം സംബന്ധിച്ചുള്ള വിവരം പുറത്തുവിട്ടത്.
എന്നാൽ ജയിൽ മോചിതനായി നാട്ടിൽ തിരിച്ചെത്തിയ മേഘ് വാൾ പാക് ജയിലിൽ നടക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്. 700 ഇന്ത്യക്കാർ കൂടി ആ ജയിലിൽ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവർ ഭ്രാന്തുപിടിച്ച് കരയുകയാണ്. ആ അവസ്ഥ തനിക്ക് നിങ്ങളോട് വിശദീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.










