മുംബൈ: പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി രക്ഷപെടാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാൽഗഡ് സ്വദേശിയായ ഹാർദിക് ഷാ ആണ് അറസ്റ്റിലായത്. 37കാരിയും പങ്കാളിയുമായിരുന്ന മേഘയെ ആണ് ഹാർദിക് ക്രൂരമായി കൊലപ്പെടുത്തിയത്. ഇതിന് ശേഷം മൃതദേഹം കിടക്കയുടെ അടിയിലുള്ള സ്റ്റോറേജ് സ്‌പേസിൽ ഒളിപ്പിക്കുകയായിരുന്നു.
കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് നിന്ന് രക്ഷപെടാൻ ശ്രമിച്ച ഹാർദിക്കിനെ റെയിൽവേ പോലീസാണ് അറസ്റ്റ് ചെയ്യുന്നത്. സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ മേഘയാണ് വീട്ടുചെലവുകളെല്ലാം നിർവഹിച്ചിരുന്നത്. ഹാർദിക്കിന് ജോലിയൊന്നും ഉണ്ടായിരുന്നില്ല. ജോലിയുടെ പേരിൽ ഇരുവരും തമ്മിൽ വഴക്കിടുന്നത് പതിവായിരുന്നു. ഇത്തരത്തിലുള്ള കലഹമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
മേഘയെ കൊലപ്പെടുത്തിയതിന് ശേഷം ഇയാൾ വീട്ടിലുള്ള സാധനങ്ങളുമെടുത്ത് രക്ഷപെട്ടു. ഇയാൾ ട്രെയിനിൽ രക്ഷപെടാൻ ശ്രമിക്കുകയാണെന്ന് വ്യക്തമായ പോലീസ് ഫോൺ ലൊക്കേഷൻ റെയിൽവേ പോലീസിന് കൈമാറി. ഇവരാണ് ഹാർദ്ദിക്കിനെ അറസ്റ്റ് ചെയ്യുന്നത്. ഹാർദിക്കും മേഘയും കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ആറ് മാസമായി ഇരുവരും ഒരുമിച്ച് ജീവിച്ച് വരികയായിരുന്നു. ഒരു മാസം മുൻപാണ് പാൽഗഡിലുള്ള വാടക വീട്ടിലേക്ക് മാറുന്നത്. ഇവരുടെ വഴക്കിനെ കുറിച്ച് അയൽവാസികളും പരാതിപ്പെട്ടിരുന്നതായി പോലീസ് പറയുന്നു.
Discussion about this post