ലക്‌നൗ: ബോളിവുഡ് താരം സ്വര ഭാസ്‌ക്കറും സമാജ്‌വാദി പാർട്ടി നേതാവ് ഫഹദ് അഹമ്മദും തമ്മിലുള്ള വിവാഹം അസാധുവാണെന്ന് ഇസ്ലാമിക നേതാവ് മുഫ്തി യാസിർ നദീം അൽ വാജിദി. സ്വര ഭാസ്‌ക്കർ ഒരു ബഹുദൈവ വിശ്വാസിയാണ്. ബഹുദൈവ വിശ്വാസിയുമായുള്ള മുസ്ലീമിന്റെ വിവാഹം ഇസ്ലാമിക വിശ്വാസ പ്രകാരം തെറ്റാണെന്നും വാജിദി വ്യക്തമാക്കി.
സ്വര ഭാസ്‌ക്കർ ഇസ്ലാമിക വിശ്വാസിയല്ല. എന്നാൽ അവളുടെ ഭർത്താവ് ഒരു മുസ്ലീം ആണ്. ഇവർ തമ്മിലുള്ള വിവാഹം ഇസ്ലാമിക നിയമപ്രകാരം തെറ്റാണ്. ഏക ദൈവ വിശ്വാസി ആകുന്നതുവരെ ബഹുദൈവ വിശ്വാസിയായ സ്ത്രീയെ വിവാഹം ചെയ്യരുത് എന്നാണ് അള്ളാഹു പറഞ്ഞിട്ടുള്ളത്. വിവാഹത്തിന് വേണ്ടി മാത്രം ഇസ്ലാം മതം സ്വീകരിക്കുന്നതും അള്ളാഹു അംഗീകരിക്കില്ലെന്നും വാജിദി വ്യക്തമാക്കി.
സ്വര ഭാസ്‌ക്കറും ഫഹദ് അഹമ്മദും രജിസ്റ്റർ വിവാഹമാണ് ചെയ്തത്. ഇസ്ലാമിക നിയമം ഇതിനും അനുവദിക്കുന്നില്ല. മുസ്ലീങ്ങളിലെ പുരോഗമന ചിന്താഗതിക്കാർ ഖുർആനെ ദുർവ്യാഖ്യാനം ചെയ്യുന്നുവെന്നും വാജിദി കൂട്ടിച്ചേർത്തു.
അതേസമയം വാജിദിയുടെ ട്വീറ്റിനോട് പ്രതികരിച്ച് റേഡിയോ ജോക്കിയായ സയേമ രംഗത്ത് എത്തി. വിവാഹം അസാധുവാണെന്ന് പറയാൻ നിങ്ങൾ ആരാണെന്ന് സയേമ ചോദിച്ചു. മറ്റുള്ളവരെ വിധിക്കാനായി അള്ളാഹു നിയോഗിച്ചതാണോ നിങ്ങളെ?. തങ്ങൾ അള്ളാഹുവിനോട് മാത്രം ഉത്തരം പറഞ്ഞാൽ മതി. എല്ലാം അള്ളാഹുവിന്റേതാണ്. ആരെങ്കിലും നിങ്ങളോട് അഭിപ്രായം ചോദിക്കുകയാണെങ്കിൽ മാത്രം അത് പറഞ്ഞാൽ മതി. നല്ല മുസ്ലീമായിരിക്കാൻ ശ്രമിക്കൂ എന്നും സയേമ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും വിവാഹം. ഫഹദുമൊത്തുള്ള ചിത്രം പങ്കുവച്ച് സ്വര ഭാസ്‌ക്കർ തന്നെയാണ് വിവാഹക്കാര്യം അറിയിച്ചത്.
Discussion about this post