കണ്ണൂർ : നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയിൽ എട്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. കാറമേലിലെ കൊവൽ മുപ്പന്റകത്ത് ജമീലയുടെ പരാതിയിൽ ചെറുപുഴയിലെ എം.ടി.പി. റഷീദ്, മാതാവ് സൈനബ, ഭാര്യ അശിഫ, സഹോദരങ്ങളായ ഷർഫുദ്ദീൻ, പി ഷംസു, നിസാം, ഉസ്താദ് അബുഹന്ന, കാസർകോട് തങ്ങൾ എന്നിവർക്കെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്.
2022 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിനിടെ നാലര ലക്ഷത്തോളം രൂപ ഇവർ തട്ടിയെടുത്തുവെന്നാണ് യുവതിയുടെ പരാതി. നിധി കണ്ടെത്തി നൽകാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. കുടുംബ കലഹം ഒഴിവാക്കുമെന്നും വാക്ക് നൽകിയിരുന്നു. ഇതിന് ഫലം ലഭിച്ചില്ലെങ്കിൽ, പണം തിരികെ നൽകുമെന്നും സംഘം വാഗ്ദാനം ചെയ്തിരുന്നു.
തന്നെ ലൈംഗികമായി ചൂഷണം ചെയ്യാനും സംഘം ശ്രമിച്ചതായി ജമീലയ്ക്ക് സംശയം തോന്നിയതോടെ ഇവർ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വീണ്ടും ആഭിചാര കർമ്മങ്ങൾക്കായി എത്തിയ സംഘത്തിന്റെ ചിത്രങ്ങൾ കുടുംബം പകർത്തി. ഇതോടെ വാക്കു തർക്കമുണ്ടായി. പിന്നാലെ സംഘം അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. തന്നെ കൊല്ലാനായിരുന്നു അവരുടെ തീരുമാനമെന്ന് ജമീല പറയുന്നു. കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












