കൊച്ചി :ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി പാർട്ടിക്കെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെ, സിപിഎമ്മിന്റെ മുഖം രക്ഷിക്കാൻ നെട്ടോട്ടമോടുകയാണ് മുതിർന്ന നേതാക്കൾ. ആകാശ് തില്ലങ്കേരിയുമായി ബന്ധം സൂക്ഷിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് വരെ ജില്ലാ നേതൃത്വം താക്കീത് നൽകിക്കഴിഞ്ഞു. സമൂഹമാദ്ധ്യമങ്ങളിൽ ആകാശ് എന്ത് പ്രകോപനം ഉണ്ടാക്കിയാലും പ്രതികരിക്കേണ്ടെന്നും, പണ്ടത്തെ ക്വട്ടേഷൻ കേസുകൾ കുത്തിപ്പൊക്കിയെടുത്ത് ആകാശിനെ അഴിക്കുള്ളിലാക്കാമെന്നുമാണ് സിപിഎം നിലപാട്. ആകാശ് തില്ലങ്കേരി പാർട്ടിയിലില്ലെന്നും പ്രചരിപ്പിക്കുന്നുണ്ട്.
ഇപ്പോഴിതാ മുൻ ആരോഗ്യമന്ത്രിയാണ് സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് മുൻ മന്ത്രി കെകെ ശൈലജ പറഞ്ഞു. ആകാശുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പാർട്ടി പരിശോധിക്കും. സിപിഎം ആർക്കും ഭയപ്പെടുന്ന പാർട്ടിയല്ലെന്നും ശൈലജ പറയുന്നു.
കേഡർമാർ ഏതെങ്കിലും രീതിയിൽ മോശമായി കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അവരെ തിരുത്തും, അല്ലെങ്കിൽ അവരെ മാറ്റി നിർത്തും. തെറ്റ് ആര് ചെയ്താലും തെറ്റാണ്. തന്റെ പേഴ്‌സണൽ സ്റ്റാഫംഗം രാഗിന്ദിനെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ സംഭവവും പാർട്ടി പരിശോധിക്കുമെന്നും ശൈലജ വിശദീകരിച്ചു.
അതേസമയം ആകാശിനെ പിന്തുണച്ചുകൊണ്ട് ജിജോ തില്ലങ്കേരി വീണ്ടും രംഗത്തെത്തി. നേതൃത്വം ഒരു വിഭാഗത്തെ വെള്ളപൂശുകയും മറുവിഭാഗത്തെ കരിവാരിത്തേക്കുകയും ചെയ്യുകയാണെന്ന് ജിജോയുടെ പോസ്റ്റിൽ പറയുന്നു.
Discussion about this post