ആർമി അഗ്‌നിവീർ ഓൺലൈൻ പൊതുപ്രവേശന പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ആർമി റിക്രൂട്ടിംഗ് ഓഫീസ്, കോഴിക്കോട്, സോണൽ റിക്രൂട്ടിംഗ് ഓഫീസ്, എന്നിവയ്ക്ക് കീഴിൽ, അഗ്നിവീർ ആർമി റിക്രൂട്ട്മെന്റിനുള്ള ഓൺലൈൻ പൊതു പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. 2023 ഫെബ്രുവരി 16 മുതൽ 2023 മാർച്ച് 15 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
2023-24 വർഷത്തെ ആർമി റിക്രൂട്ടിംഗിന്റെ ഭാഗമായുള്ള അഗ്‌നിവീർ റിക്രൂട്ട്‌മെന്റിന് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഒന്നാം ഘട്ടം കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ എഴുത്തുപരീക്ഷ (Online CEE) ആണ്. ഇതിന്റെ രജിസ്ട്രേഷൻ 2023 ഫെബ്രുവരി 16 മുതൽ 2023 മാർച്ച് 15 വരെ നടക്കും. ചുരുക്കപ്പട്ടികയിലുൾപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കുള്ള റിക്രൂട്ട്മെന്റ് റാലിയും തുടർന്ന് നടക്കും. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, വയനാട് ജില്ലകളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളായ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെയും അവിവാഹിതരായ പുരുഷ-വനിതാ ഉദ്യോഗാർത്ഥികൾക്ക് അതത് വിജ്ഞാപനങ്ങളിൽ സൂചിപ്പിച്ചിരിക്കുന്ന മാനദണ്ഡപ്രകാരം അപേക്ഷിക്കാം.
അവിവാഹിതരായ പുരുഷ ഉദ്യോഗാർത്ഥികളെ അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്‌നിവീർ ടെക്നിക്കൽ, അഗ്‌നിവീർ ട്രേഡ്സ്മാൻ, അഗ്‌നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ, ശിപായി ഫാർമ, നഴ്‌സിംഗ് അസിസ്റ്റന്റ്/ നഴ്‌സിംഗ് അസിസ്റ്റന്റ് വെറ്ററിനറി വിഭാഗം എന്നിവയിലേക്കും അവിവാഹിതരായ വനിതാ ഉദ്യോഗാർത്ഥികളെ ഇന്ത്യൻ ആർമിയിലെ വനിതാ മിലിട്ടറി പോലീസ് വിഭാഗത്തിലേക്കും റിക്രൂട്ട് ചെയ്യും.
ആർമിയിലെ നിർദിഷ്ട വിഭാഗങ്ങളിൽ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ ആർമി റിക്രൂട്ടിംഗ് ഓഫീസ്, കോഴിക്കോടും സോണൽ റിക്രൂട്ടിംഗ് ഓഫീസ്, ബാംഗ്ലൂരും പ്രസിദ്ധീകരിച്ച അറിയിപ്പുകളിൽ വ്യക്തമാക്കിയിട്ടുണ്ട്.
joinindianarmy.nic.in എന്ന വെബ്സൈറ്റ് മുഖേനയുള്ള ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണ്. രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കുന്ന യോഗ്യരായ ഉദ്യോഗാർത്ഥികകൾക്ക് രജിസ്റ്റർ ചെയ്ത ഇമെയിൽ വഴി അഡ്മിറ്റ് കാർഡുകൾ ലഭിക്കുന്നതാണ്. ഓരോ അപേക്ഷകനും ഓൺലൈൻ പരീക്ഷയ്ക്കുള്ള ഫീസായി 250 രൂപ വീതം അടയ്ക്കേണ്ടതാണ്.








