കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിക്കുന്ന വഴികളിൽ കറുപ്പിന് വിലക്ക്. അത്തരമൊരു വിലക്ക് ഇല്ലെന്ന് പോലീസ് പറയുമ്പോഴും കറുപ്പ് മുഖ്യന്റെ കണ്ണിൽ എവിടേയും പെടുന്നില്ലെന്ന് ഉറപ്പാക്കാൻ പോലീസ് ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മരണവീടിന് സമീപം കെട്ടിയ കറുത്ത കൊടി പോലീസ് അഴിപ്പിച്ചു. സിപിഎം മുൻ എംഎൽഎ സി.പി.കുഞ്ഞുവിന്റെ നിര്യാണത്തെ തുടർന്ന് കോഴിക്കോട് ഫ്രാൻസിസ് റോഡ് ജംഗ്ഷനിൽ കെട്ടിയിരുന്ന കറുത്ത കൊടിയാണ് പോലീസുകാർ അഴിച്ചു മാറ്റിയത്.
അനുശോചനം അറിയിക്കാൻ മുഖ്യമന്ത്രി ആ വഴി വരും എന്നതറിഞ്ഞതോടെയാണ് വഴിയരികിലുള്ള കൊടികൾ സ്‌പെഷ്യൽ ബ്രാഞ്ച് നിർദ്ദേശത്തെ തുടർന്ന് പോലീസ് അഴിച്ചു മാറ്റുന്നത്. മരണവിവരം അറിയിക്കുന്ന ബോർഡിന്റെ മുകളിലായിട്ടാണ് കൊടി കെട്ടിയിരുന്നത്. കോഴിക്കോട് ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദിന്റെ പിതാവാണ് കുഞ്ഞു.
അതേസമയം പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ് ലീഗ് നേതൃത്വങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. നികുതി വർധനക്കെതിരെയാണ് യുഡിഎഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം നടത്തുന്നത്. ഇതിൻറെ ഭാഗമായാണ് മുഖ്യമന്ത്രിക്ക് നേരെയും പ്രതിഷേധം ഉയർത്തുന്നത്.മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാനെന്ന പേരിലുള്ള പോലീസിന്റെ നിയന്ത്രണങ്ങൾ സാധാരണക്കാരുടെ യാത്രകളെ വരെ സാരമായി ബാധിക്കുന്നുണ്ട്. ഇന്ന് കാസർകോട് ജില്ലയിലെ പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. സുരക്ഷയ്ക്കായി 911 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കോഴിക്കോട് ഇന്നലെ 212 പോലീസുകാരെയാണ് വിന്യസിച്ചിരുന്നത്. മറ്റ് ജില്ലകളിൽ ഇത് 200 പേരായിരുന്നു.
Discussion about this post