ഭോപ്പാൽ: ഭാര്യമാർ തമ്മിലുള്ള വഴക്കിനിടെ ഭർത്താവിന് വെടിയേറ്റു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഭോപ്പാൽ സ്വദേശിയായ താഹിർ ഖാൻ എന്നയാൾക്കാണ് വെടിയേറ്റത്. രണ്ടാം ഭാര്യയായ ഹുമ ഖാന്റെ വീട്ടിലാണ് സംഭവം നടക്കുന്നത്. ആദ്യ ഭാര്യയും ഇവരോടൊപ്പമെത്തിയ ആളുകളും ചേർന്ന് ഹുമയുടെ വീട്ടിലെത്തുകയും തുടർന്നുണ്ടായ വഴക്കിനിടെ താഹിറിന് വെടിയേൽക്കുകയുമായിരുന്നു.
ആദ്യ ഭാര്യയുടെ കൂടെയെത്തിയ ഒരാളാണ് താഹിറിന് നേരെ വെടിവച്ചത്. താഹിർ ഖാന്റെ ആദ്യ ഭാര്യ അജ്മുവും മകനും ബന്ധുക്കളും വീട്ടിലെത്തി ഹുമ ഖാനുമായി വഴക്കുണ്ടാക്കുണ്ടാക്കുകയായിരുന്നു. താഹിറും അജ്മുവും തമ്മിൽ വിവാഹമോചന കേസ് നിലവിലുണ്ടായിരുന്നു. താഹറിന്റെ സ്വത്തിൽ അജ്മുവും അവകാശവാദമുന്നയിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ തർക്കമാണ് വഴക്കിലെത്തിയതെന്ന് ഭോപ്പാൽ എസിപി വീരേന്ദർ മിശ്ര പറഞ്ഞു.
ഭാര്യമാർ തമ്മിലുള്ള വഴക്ക് നടക്കുമ്പോൾ താഹിർ ഖാൻ കുളിക്കുകയായിരുന്നു. ബഹളം കേട്ട് താഹിർ പുറത്തെത്തിയതോടെ അജ്മുവിന്റെ കൂടെ ഉണ്ടായിരുന്ന ആൾ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താഹറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാം ഭാര്യ ഹുമ ഖാനും പരിക്കേറ്റിട്ടുണ്ട്. ഇവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post