ന്യൂഡൽഹി: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നത് ഗുണനിലവാരമില്ലാത്ത ചന്ദനവും ഭസ്മവും. ജസ്റ്റിസ് കെ.ടി ശങ്കരൻ സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് നിർണായകമായ വിവരങ്ങൾ ഉള്ളത്. മാരക രാസവസ്തുക്കൾ കലർത്തിയ ചന്ദനവും ഭസ്മയും ചാർത്തുന്നതിനാൽ വിഗ്രഹങ്ങൾക്ക് വേഗത്തിൽ കേട്പാടുകൾ സംഭവിക്കുന്നതായും റിപ്പോർട്ടിലുണ്ട്.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് മുൻപാകെയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ശുദ്ധമായ ചന്ദനം ലഭിക്കുക നിലവിൽ ഏറെ പ്രയാസകരവും ചിലവേറിയതുമാണ്. ഈ സാഹചര്യത്തിലാണ് രാസവസ്തുക്കൾ ചേർത്ത് നിർമ്മിച്ച ചന്ദനം വാങ്ങുന്നത്. ഗുണനിലവാരമില്ലാത്ത ചന്ദനം തമിഴ്‌നാട്ടിൽ നിന്നുമാണ് ദേവസ്വം ബോർഡ് വാങ്ങുന്നത്. ഇതിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ എതെല്ലാമാണെന്ന് അറിയില്ലെന്നും റിപ്പോർട്ടിലുണ്ട്.
ഗുണനിലവാരമില്ലാത്ത ചന്ദനവും ഭസ്മവും വിഗ്രഹങ്ങൾക്ക് കേട്പാടുകൾ ഉണ്ടാക്കുന്നു. ഇക്കാര്യത്തിൽ വലിയ ആശങ്കയാണ് ഭക്തരിൽ ഉള്ളത്. പ്രസാദമായി ലഭിക്കുന്ന ഈ ചന്ദനവും ഭസ്മവും നിത്യേന ധരിക്കുന്നവർ നമുക്കിടയിൽ ഉണ്ട്. ഇത് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കും. ഇതിന് പരിഹാരമായി മഞ്ഞൾ, രാമച്ചം, ചന്ദനം എന്നിവ കൊണ്ടുള്ള പ്രസാദം നൽകുന്നകാര്യം ആലോചിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Discussion about this post