കണ്ണൂർ : സിപിഎം നേതൃത്വത്തിനെതിരെ വെല്ലുവിളിച്ച് പാർട്ടിയെ പ്രതിസന്ധിയിലാക്കിയ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ പൂട്ടാൻ നടപടിയുമായി സംസ്ഥാന സർക്കാർ. ആകാശിന്റെ ജാമ്യം റദ്ദാക്കാൻ തലശ്ശേരി സിജെഎം കോടതിയിൽ അപേക്ഷ സമർപ്പിച്ചു. എടയന്നൂർ ഷുഹൈബ് വധക്കേസിൽ അനുവദിച്ച ജാമ്യം റദ്ദാക്കാനാണ് സർക്കാർ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ. കെ അജിത്ത് കുമാർ മുഖേനെ ഹർജി നൽകിയത്.
ആകാശ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. മട്ടന്നൂർ, മൊഴക്കുന്ന് പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളുടെ അടിസ്ഥാനത്തിലാണ് നീക്കം. 2019 ലാണ് ആകാശ് തില്ലങ്കേരിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ക്രിമിനൽ കേസുകളിൽ പ്രതിയാകരുതെന്ന വ്യവസ്ഥയിലാണ് ജാമ്യം നൽകിയത്. വ്യവസ്ഥ ലംഘിച്ചതിന്റെ അടിസ്ഥാനത്തിൽ ആകാശിന്റെ ജാമ്യം റദ്ദുചെയ്യണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.
സ്ത്രീത്വത്തെ അപമാനിച്ച കേസും മട്ടന്നൂരിൽ പ്രകോപനപരവും സ്പർധയുമുണ്ടാക്കുന്ന പ്രസംഗം നടത്തുകയും ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്ത കേസുകളുമാണുള്ളത്. ഇത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നീക്കം.
തില്ലങ്കേരിയിൽ ഇന്ന് വൈകീട്ട് പാർട്ടി വിശദീകരണ യോഗം നടക്കുന്നതിന് തൊട്ടുമുൻപാണ് സർക്കാർ കോടതിയെ സമീപിച്ചത് എന്നതും ശ്രദ്ധേയമാണ്. ഇതിലൂടെ പാർട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നാണ് വിലയിരുത്തൽ.












