ന്യൂഡൽഹി: ഹരിയാനയിലെ പാനിപ്പട്ടിൽ വെച്ച് ത്രിപുര മുൻ മുഖ്യമന്ത്രിയും ബിജെപി രാജ്യസഭാംഗവുമായ ബിപ്ലബ് കുമാർ ദേബ് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. അപകടത്തിൽ നിന്നും ബിപ്ലബ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ഹരിയാനയിലെ പാനിപ്പട്ടിലെ ജിടി റോഡിൽ വെച്ചായിരുന്നു അപകടം. ഡൽഹിയിൽ നിന്നും ചണ്ഡീഗഢിലേക്ക് പോവുകയായിരുന്നു ബിപ്ലബ് ദേബിന്റെ വാഹനം. സംലാഖയ്ക്ക് സമീപം എത്തിയപ്പോൾ, ബിപ്ലബ് ദേബിന്റെ വാഹനത്തിന് തൊട്ട് മുൻപിൽ പോകുകയായിരുന്ന കാറിന്റെ ടയർ പഞ്ചറായി. തുടർന്ന് നിന്നു പോയ വാഹനത്തിന്റെ പിന്നിൽ, ബിപ്ലബ് സഞ്ചരിച്ച കാർ ഇടിച്ച് കയറുകയായിരുന്നു.
കാറപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ബിപ്ലബ് കുമാർ ദേബ് സുരക്ഷിതനാണെന്ന് പോലീസ് അറിയിച്ചു.










