തൃശൂർ : സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയെ റിമാന്റ് ചെയ്ത് കോടതി. വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറിയ കേസിലാണ് അർജുൻ ആയങ്കിയെ റിമാന്റ് ചെയ്തത്. 354, 356 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. ഗാന്ധിധാമിൽ നിന്നു നാഗാർകോവിലേക്ക് സെക്കന്റ് ക്ലാസ് ടിക്കറ്റുമായി കയറിയ അർജുൻ സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്തത് വനിതാ ടി ടി ചോദ്യം ചെയ്തിരുന്നു. ഇവരോട് മോശമായി പെരുമാറുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. കോട്ടയം റെയിൽവേ പോലീസാണ് അർജുനെതിരെ കേസെടുത്തത്. ഇത് പിന്നീട് തൃശൂരിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.
പതിനാല് ദിവസത്തേക്കാണ് അർജുനെ റിമാന്റ് ചെയ്തിരിക്കുന്നത്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം തൃശൂർ സബ് ജയിലിലേക്ക് കൊണ്ടുപോകും.












