സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ പിടിമുറുക്കുന്നതിനായി സിപിഎം പ്രത്യേക സമിതി രൂപീകരിച്ചുവെന്നും ഇതിന്റെ സംസ്ഥാനതല ചുമതല തനിക്കാണെന്നുമുള്ള വാർത്തകൾ തള്ളി സിപിഎം സംസ്ഥാന സമിതിയംഗം പി. ജയരാജൻ. തനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രചരിക്കുന്ന വാർത്തകൾ തീർത്തും വസ്തുതാവിരുദ്ധവും നുണ നിർമ്മിതികളുടെ പാരമ്പര്യം തുടരുന്നതിന്റെ ഭാഗവുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്നടിച്ചു.
നാട്ടിലെ എല്ലാ മേഖലകളിലും ശരിയായ രീതിയിൽ ഇടപെടാനും പ്രതികരിക്കാനും ധാരണയുള്ള പ്രസ്ഥാനമാണ് സിപിഎം. വിശ്വാസികൾ അണിനിരക്കേണ്ട ഇടങ്ങളാണ് ആരാധനാലയങ്ങൾ. അത്തരം ഇടങ്ങളിൽ പിടിമുറുക്കാൻ വർഗീയശക്തികൾ ആസൂത്രിതമായ നീക്കങ്ങൾ നടത്തുന്നതിനെതിരെ നിരന്തരം ശബ്ദമുയർത്തുന്ന പാർട്ടി പ്രവർത്തകനാണ് താൻ. ഇത്തരത്തിലുള്ള പ്രത്യയശാസ്ത്രപരമായ ഇടപെടലുകളാണ് വ്യാജ വാർത്തകൾ ചമയ്ക്കുന്ന നുണ നിർമ്മാതാക്കളെ അലോസരപ്പെടുത്തുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ക്ഷേത്രങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കാൻ സിപിഎം ടെമ്പിൾ കോ ഓർഡിനേഷൻ കമ്മിറ്റികൾ രൂപീകരിക്കുന്നുവെന്നും, ഇതിന്റെ അമരത്ത് പി. ജയരാജനാണെന്നുമുള്ള രീതിയിൽ ചില ഓൺലൈൻ-ദൃശ്യ മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നിലപാട് വ്യക്തമാക്കി പി. ജയരാജൻ നേരിട്ട് രംഗത്തെത്തിയത്. അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












