എല്ലാ വർഷവും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന നിരവധി സിനിമകളുമായി ഹോളിവുഡ് നമുക്ക് മുന്നിൽ എത്താറുണ്ട് ആ പതിവ് ഈ 2023 ലും തെറ്റിക്കുന്നില്ല ഹോളിവുഡ്. മാർവലിന്റെ ആന്റ്മാൻ ക്വോണ്ടം മാനിയക്ക് പിന്നാലെ പ്രേക്ഷകർ കാത്തിരിക്കുന്ന ക്രീഡ് 3,ഗാർഡിയൻസ് ഓഫ് ഗ്യാലക്സി വോളിയം 3, ഫാസ്റ്റ് എക്സ് തുടങ്ങി നിരവധി സിനിമകളാണ് ഈ വർഷം പ്രേക്ഷകരിലേക്ക് എത്തുന്നത്.
മൈക്കൽ ബി ജൊർദാന്റെ ആദ്യ സംവിധാനസംരംഭമായ ക്രീഡ് 3, സിൽവെസ്റ്റർ സ്റ്റാലോൺ ഇല്ലാതെ എത്തുന്ന റോക്കി യൂണിവേർസിലെ ആദ്യ ചിത്രമെന്ന നിലയിൽ വളരെയധികം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞ ചിത്രമാണ്. 2018 ഇൽ പുറത്തിറങ്ങിയ ക്രീഡ് 2 വിന്റെ തുടർച്ചയായി എത്തുന്ന ചിത്രത്തിൽ മൈക്കൽ ബി ജോർദാനൊപ്പം ജൊനാഥൻ മേജേഴ്സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാർച്ച് 3 ന് ചിത്രം റിലീസ് ചെയ്യും.
ഗാർഡിയൻസ് ഓഫ് ഗ്യാലക്സി സീരിസിലെ മിക്കവാറും അവസാനത്തെ ചിത്രം എന്ന നിലയിൽ വളരെ പ്രതീക്ഷയോടെയാണ് വോളിയം 3യുടെ റിലീസ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ആദം വാർലോക്ക്, ഹൈ എവല്യുഷനറി തുടങ്ങിയ ഒരുപറ്റം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനൊപ്പം “റോക്കറ്റ്“ എന്ന സ്പേസ് റക്കൂണിന്റെ ഒറിജിൻ കൂടി ചിത്രം അനാവരണം ചെയ്യുന്നു. മെയ് 5 നാണ് ചിത്രത്തിന്റെ റിലീസ്.
ഡ്വൈൻ ജോൺസണു പകരം ആരാണ് എന്ന ചോദ്യത്തിനു ഉത്തരവുമായാണ് ഫാസ്റ്റ് ആന്റ് ഫ്യുരിയസ് ഫ്രാഞ്ചസിയുടെ ഫാസ്റ്റ് എക്സ് എത്തുന്നത്. വിൻ ഡീസലിനൊപ്പം ജേസൺ മോമോവയും ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു. ഫാസ്റ്റ് ആൻഡ് ഫ്യുരിയസ് കാറുകളുടെയും റേസിങ്ങിന്റെയും ആരാധകരുടെ എക്കാലത്തെയും പ്രീയപ്പെട്ട ചിത്രമാണ്.മെയ് 19 നു ചിത്രം തീയറ്ററുകളിൽ എത്തും .
ആരാധകരുടെ വലിയൊരു കാത്തിരുപ്പിനു ശേഷം തീയറ്ററുകളിലേക്കെത്തുന്ന ഡിസി ചിത്രമാണ് ഫ്ലാഷ്. എസ്രാ മില്ലറുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചിത്രത്തെ വിടാതെ പിന്തുടരുന്നുണ്ടെങ്കിലും ചിത്രത്തിന്റെ ട്രെയിലർ വൻ ശ്രദ്ധയാണ് പിടിച്ചുപറ്റിയത്. ബെൻ അഫ്ലക്, മൈക്കൽ കീറ്റൻ തുടങ്ങിയ മുൻ ബാറ്റ്മാൻ ഹീറോകളുടെ സാന്നിദ്ധ്യം ചിത്രത്തിനായുള്ള ആകാംക്ഷ പതിൻ മടങ്ങ് ഉയർത്തിയിട്ടുണ്ട്. ജൂൺ 23 നാണ് ചിത്രത്തിൻറെ റിലീസ്.
ഇവ കൂടാതെ ടൊം ക്രൂസ് നായകനാകുന്ന മിഷൻ ഇമ്പോസിബിൾ, ഇൻഡ്യാന ജോൺസ്, ട്രാൻസ്ഫോർമർ, മാർവെൽസ്, ഡ്യൂൺ 2 ,അക്വാമാൻ തുടങ്ങി പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന കുറെയേറെ ചിത്രങ്ങൾ കൂടി ഹോളിവുഡിന്റെ അണിയറയിൽ പ്രേക്ഷകർക്കായി ഒരുങ്ങുന്നുണ്ട്
Discussion about this post