തിരുവനന്തപുരം; അമേരിക്കയും ഇസ്രായേലും മനഃപൂർവ്വം ഇറാന്റെ മേൽ യുദ്ധം അടിച്ചേൽപ്പിച്ചതായി സിപിഐഎം പൊളിറ്റ് ബ്യൂറോ അപലപിച്ചു. സമീപകാലത്തായി അന്തരാഷ്ട്ര സുരക്ഷയും സമാധാനവും ഇല്ലാത്ത വിധം പ്രതിസന്ധി ഉണ്ടാകുകയാണെന്നും സിപിഐഎം മുന്നറിയിപ്പ് നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തിന് പിന്നാലെ ഈ ആക്രമണം നടന്നത് ആശങ്കജനകമാണെന്നും പാർട്ടി ചൂണ്ടിക്കാട്ടി. ഇന്ത്യൻ സർക്കാർ ഇറാനെതിരായ ആക്രമണത്തെ ശക്തമായി അപലപിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്തു.
പശ്ചിമേഷ്യയേയും മധ്യപൂർവ മേഖലയെയും കനത്ത ആശങ്കയിലാഴ്ത്തിക്കൊണ്ട് ഇറാൻ-യുഎസ്-ഇസ്രായേൽ യുദ്ധം മുറുകുന്നു. യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ തലസ്ഥാനനഗരമായ ടെഹ്റാൻ വിട്ട് ഒഴിഞ്ഞു പോകാൻ ഇറാൻ എല്ലാ ജനങ്ങളോടും ആവശ്യപ്പെട്ടു.
ശനിയാഴ്ച ഉച്ചയോടെ ഇറാനിൽ യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ കോം, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ, ഇറാനിയൻ ഇന്റലിജൻസ്, പ്രതിരോധ മന്ത്രാലയം, പാർചിൻ സൈനിക സമുച്ചയം, ഇറാനിയൻ ആണവോർജ്ജ ഏജൻസി എന്നിവയുൾപ്പെടെ കുറഞ്ഞത് 30 ലക്ഷ്യങ്ങളെങ്കിലും ആക്രമിക്കപ്പെട്ടു.
നിരവധി സ്കൂൾ കുട്ടികൾ ഉൾപ്പെടെ എഴുപതോളം പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇസ്രായേൽ വീണ്ടും ഇറാനെ ആക്രമിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുന്നതായാണ് ഇസ്രായേലിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.












