കോതമംഗലം : അമ്മയുടെ സ്മരണയ്ക്കായി സേവാ കേന്ദ്രത്തിന് ഭൂമി ഇഷ്ടദാനം നൽകി മാതൃകയായി വാരപ്പെട്ടി ഇളങ്ങവം സ്വദേശി രാധാകൃഷ്ണൻ. മാതാവ് ലക്ഷ്മിക്കുട്ടിയമ്മയുടെ സ്മരണാർത്ഥം 10 സെന്റ് ഭൂമിയാണ് ഇഷ്ടദാനം നൽകി ഇളങ്ങവം തേക്കുംകാട്ടിൽ രാധാകൃഷ്ണൻ സമർപ്പണത്തിന്റെ ഉദാത്ത മാതൃകയായത്.
സാമൂഹ്യസേവന രംഗത്ത് കോതമംഗലം താലൂക്ക് കേന്ദ്രീകരിച്ച് ഒരു പതിറ്റാണ്ടിലധികമായി നിറസാന്നിധ്യത്തോടെ നിൽക്കുന്ന സേവാകിരൺ ചാരിറ്റബിൾ സൊസൈറ്റിയുമായി ബന്ധപ്പെട്ട വാരപ്പെട്ടി ഗ്രാമ സേവാസമിതിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സേവാ കേന്ദ്രത്തിനായിട്ടാണ് ഭൂമി വിനിയോഗിക്കുക.
വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയ സ്വയംസേവക സംഘം സഹ പ്രാന്ത പ്രചാരക് എ വിനോദ് ഭൂമിയുടെ പ്രമാണം രാധാകൃഷ്ണനിൽ നിന്നും ഏറ്റുവാങ്ങി. രാധാകൃഷ്ണന്റെ ഭാര്യ ദീപ, മകൻ കഷ്യപ് എന്നിവരും സന്നിഹിതരായിരുന്നു.
ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകളെ സഹായിക്കുക എന്നത് സംഘം ആരംഭിച്ച കാലം മുതൽ തന്നെ സ്വയംസേവകർ സ്വമനസാലെ ഏറ്റെടുത്ത് ചെയ്ത് വന്നിരുന്നുവെന്നും അത് നമ്മുടെ നാടിന്റെ സംസ്്കാരമായിരുന്നുവെന്നും പരിപാടിയിൽ സേവാ സന്ദേശം നൽകി സഹ പ്രാന്ത പ്രചാരക് പറഞ്ഞു.
ലോകത്തെവിടെ അസ്വസ്ഥതയും പ്രയാസങ്ങളും ഉണ്ടായാലും അവിടെ സഹായ ഹസ്തവുമായി ആദ്യം ഓടിയെത്തുന്ന നാടാണ് ഭാരതം. ഇന്ത്യയുടേത് ദാന സംസ്‌കാരമാണെന്നും, ആ സംസ്‌കാരത്തിന്റെ മഹത്തായ മാതൃകയാണ് ഭൂമി ദാനം ചെയ്ത രാധാകൃഷ്ണനും കുടുംബവുമെന്നും ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ വിശ്വ സേവാഭാരതി പാലകും, മുൻ പ്രാന്ത കാര്യവാഹുമായിരുന്ന എ ആർ മോഹൻ പറഞ്ഞു.
ഗ്രാമ സേവാസമിതി പ്രസിഡന്റ് പ്രിയ സന്തോഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ സംഘചാലക് ഇ.വി നാരായണൻ, ജില്ലാ ഗ്രാമ വികാസ് സംയോജക് പി.ആർ സിജു, സേവാകിരൺ രക്ഷാധികാരി ഇ.എൻ നാരായണൻ, സേവാകിരൺ പ്രസിഡന്റ് കെ.എൻ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
Discussion about this post