ന്യൂഡൽഹി: വിവാഹ ഘോഷയാത്രയ്ക്കിടെ വരനിൽ നിന്ന് കറൻസി മാല തട്ടിയെടുത്ത് സ്വിഗ്ഗി ഡെലിവറി ജീവനക്കാർ. വരന് വേണ്ടി 500 രൂപയുടെ കറൻസി നോട്ടുകൾ കൊണ്ട് നിർമ്മിച്ച മാലയാണ് സ്വിഗ്ഗി ഡെലിവറി ജീവനക്കാരായ ജസ്മീത് സിംഗ്, രാജീവ് മഹ്‌തോ എന്നിവർ തട്ടിയെടുത്തത്.
ഷാദാര ജില്ലയിലെ ഗീത കോളനിയിലെ സ്റ്റാർ പ്ലേസിന് സമീപമാണ് സംഭവം. അനു ഗുപ്തയുടെ വിവാഹ ഘോഷയാത്രയ്ക്കിടയിലേക്ക് പ്രവേശിച്ച ഇവർ മാല തട്ടിയെടുക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് സ്‌കൂട്ടറിലാണ് പ്രതികൾ രക്ഷപ്പെട്ടത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മാലയിലുണ്ടായിരുന്ന 10,000 രൂപ കണ്ടെടുത്തു.
80-ലധികം സിസിടിവി ക്യാമറകൾ പരിശോധിച്ച ശേഷമാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത് . സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളിലൊരാളായ ജസ്മീത് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച സ്‌കൂട്ടറും കണ്ടെടുത്തു. സ്വിഗ്ഗിയിൽ ഡെലിവറി ബോയ്സ് ആയി ജോലി ചെയ്തിരുന്നതായി ഇരുവരും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഇവർ മയക്കുമരുന്നിനും അടിമകളാണ് . ആഡംബര ജീവിതത്തിനായാണ് ഇവർ പണം മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. രണ്ട് പ്രതികളിൽ നിന്നായി 10,000 രൂപയും കണ്ടെടുത്തിട്ടുണ്ട്.








