ഇസ്ലാമാബാദ് : സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് പാകിസ്താൻ മുഴുപ്പട്ടിണിയിലായിരിക്കുകയാണ്. പണപ്പെരുപ്പം മൂലം ജനങ്ങൾക്ക് ഭക്ഷണമോ ധാന്യങ്ങളോ വിതരണം ചെയ്യാൻ പോലും പണമില്ലാത്ത സാഹചര്യം. എന്നാലിപ്പോൾ ജനങ്ങൾ മാത്രമല്ല, രാജ്യം കാക്കേണ്ട സൈനികരും പട്ടിണികിടക്കുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.ത ആർമി മെസ്സുകളിൽ ഭക്ഷണം ലഭിക്കുന്നില്ല എന്ന പരാതിയുമായാണ് സൈനികർ രംഗത്തെത്തിയത്. റാവൽപിണ്ടിയിലെ ക്വാട്ടർ മാസ്റ്റർ ജനറൽ (ക്യുഎംജി) ഓഫീസിൽ ഇത് സംബന്ധിച്ച് പരാതി ലഭിച്ചു.
ഒരു സൈനികന് വേണ്ടി പ്രതിവർഷം ശരാശരി 13,400 ഡോളറാണ് പാകിസ്താൻ ചെലവഴിക്കുന്നത്. എന്നാൽ പ്രത്യേക ഫണ്ടുകൾ വെട്ടിക്കുറച്ച സാഹചര്യത്തിൽ പട്ടാളക്കാർക്ക് രണ്ടുനേരം ശരിയായി ഭക്ഷണം നൽകാൻ സൈന്യത്തിന് കഴിയുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. അഫ്ഗാൻ അതിർത്തിയിൽ തെഹ്രീക് താലിബാൻ പാകിസ്താൻ (ടിടിപി) ആക്രമണങ്ങൾ നടത്തുന്ന സാഹചര്യത്തിൽ, പാക് സൈന്യവും, അർദ്ധസൈനിക വിഭാഗവും രാജ്യത്തുടനീളം വിവിധ ഓപ്പറേഷനുകളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സൈനികർക്ക് കൂടുതൽ ഭക്ഷണവും പ്രത്യേക ഫണ്ടും ആവശ്യമാണെന്ന് സൈനിക ഓപ്പറേഷൻസ് ഡിജി പറഞ്ഞു.
ഉന്നത സൈനിക കമാൻഡർമാർ കരസേനാ മേധാവി ജനറൽ അസിം മുനീറിനോട് ഭക്ഷ്യ വിതരണ പ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിച്ചു. രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും നിലവിലുള്ള സൈനിക നടപടികളെക്കുറിച്ചും അസിം മുനീറിനെ ധരിപ്പിച്ചു. ഭക്ഷ്യ വിതരണവും ലോജിസ്റ്റിക് പ്രശ്‌നങ്ങളും ചീഫ് ഓഫ് ലോജിസ്റ്റിക് സ്റ്റാഫ് (സിഎൽഎസ്), ഡയറക്ടർ ജനറൽ മിലിട്ടറി ഓപ്പറേഷൻസ് (ഡിജി എംഒ) എന്നിവരുമായി ക്യുഎംജി ചർച്ച ചെയ്തു.
തുടർന്ന് സൈന്യത്തിന്, അടിയന്തരമായി ഭക്ഷ്യ വിതരണവും പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ള ഫണ്ട് ഉൾപ്പെടെയുള്ള എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുനീർ നിർദ്ദേശം നൽകി.
Discussion about this post