തിരുവനന്തപുരം: പണം നൽകാതിരുന്നതിന്റെ പേരിൽ അമ്മയെ ചവിട്ടിക്കൊലപ്പെടുത്തിയ മകന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. പടനിലം സ്വദേശി ഗോപകുമാറിനാണ് തടവ് ശിക്ഷ വിധിച്ചത്. ഇതിന് പുറമേ പിഴ ഈടാക്കാനും കോടതിയുടെ നിർദ്ദേശമുണ്ട്.
പടനിലം സ്വദേശിനി സുകുമാരി അമ്മ ആയിരുന്നു ചവിട്ടേറ്റ് മരിച്ചത്. 2012 മാർച്ച് അഞ്ചിനായിരുന്നു സംഭവം. മദ്യപാനിയായ ഗോപകുമാർ മദ്യം വാങ്ങാനായി സുകുമാരി അമ്മയോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ നൽകിയില്ല. ഇതേ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഗോപകുമാർ സുകുമാരി അമ്മയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ അയൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാൻ ആയില്ല.
ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ നിർണായക നീക്കങ്ങളായിരുന്ന അന്വേഷണ സംഘം നടത്തിയത്. ശാസ്ത്രീയ തെളിവുകളുടെയും അയൽവാസികളുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് കേസ് തെളിയിച്ചത്. ഇതെല്ലാം ഉൾപ്പെടുത്തി വിശദമായ കുറ്റപത്രവും പോലീസ് സമർപ്പിച്ചിരുന്നു.
തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് ജഡ്ജി പ്രസൂൺ മോഹനാണ് കേസ് പരിഗണിച്ചത്. ഒരു ലക്ഷം രൂപ പിഴ ഈടാക്കാനാണ് നിർദ്ദേശം. പിഴ നൽകിയില്ലെങ്കിൽ രണ്ട് വർഷം കൂടി അധികമായി തടവ് ശിക്ഷ അനുഭവിക്കണം.












