കണ്ണൂർ: സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിൽ നിന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വിട്ടു നിൽക്കുന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇ.പി ജയരാജനുമായി യാതൊരു പ്രശ്‌നങ്ങളുമില്ല. എൽ ഡിഎഫ് കൺവീനന്നെ നിലയിൽ ഇ പിക്ക് കേരളത്തിൽ എവിടെ വെച്ചും പങ്കെടുക്കാം. കണ്ണൂരിൽ തന്നെ പങ്കെടുക്കണമെന്ന് പറയുന്നത് ശരിയല്ല. ഇക്കാര്യത്തിൽ ഒരു അതൃപ്തിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസർകോട് മുഖ്യമന്ത്രി പങ്കെടുക്കുന്നതു കൊണ്ടാണ് ഇ പി പ്രതിരോധ ജാഥയിൽ പങ്കെടുക്കാതിരുന്നത്. ജാഥ തുടങ്ങിയിട്ടല്ലേയുള്ളു. വരും ദിവസങ്ങളിൽ എവിടെ നിന്നെങ്കിലും ഇ പി ജാഥയിൽ പങ്കെടുക്കുമെന്നും പാർട്ടി സ്ഥിരാംഗങ്ങൾ ഒഴികെ മറ്റു നേതാക്കൾ പങ്കെടുക്കേണ്ട ലിസ്റ്റ് തയ്യാറാക്കിയിട്ടില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള എല്ലാ കളകളെയും പാർട്ടിയിൽ നിന്നും പറിച്ചു കളയുമെന്നും പാർട്ടിയിലെ കേടുപാടുകൾ പറ്റിയ വിളകളെ പാർട്ടി ശരിയാക്കി മുൻപോട്ടു പോകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ആകാശ് തില്ലങ്കേരിയെ പണ്ടേ പാർട്ടി പുറത്താക്കിയതാണ്. നല്ല വിളയ്‌ക്കൊപ്പം നല്ല കളയുണ്ടാകുമെന്ന് പാർട്ടി കാണുന്നു. ഈ കളയെല്ലാം പാർട്ടി പറിച്ചു കളയും. വിളയ്ക്കുള്ള രോഗം മാറ്റി വിള സംരക്ഷിക്കുമെന്നും ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തന്നെ ഈ ശുദ്ധീകരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post