വാഷിംഗ്ടൺ : യുഎസിൽ നാശം വിതച്ച് സോംബി ഡ്രഗ്. അടുത്ത കാലത്തായി വിപണിയിലെത്തിയ സൈലാസൈൻ എന്ന മയക്കുമരുന്ന് യുവാക്കളെ സോംബികളാക്കി മാറ്റുന്നതായാണ് കണ്ടെത്തൽ.
ഹെറോയിൻ പോലുള്ള ഒപിയോയിഡുകൾക്കുള്ള സിന്തറ്റിക് കട്ടിംഗ് ഏജന്റായി ഉപയോഗിക്കുന്ന ഒരു അനിമൽ ട്രാൻക്വിലൈസറാണ് സൈലാസൈൻ. മൃഗങ്ങളിലാണ് ഇവ കൂടുതലായി ഉപയോഗിച്ചുവരുന്നത്. മൃഗങ്ങളുടെ ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി അനസ്തീഷ്യയ്ക്ക് വേണ്ടിയാണ് സൈലാസൈൻ ഉപയോഗിച്ചിരുന്നത്. എന്നാലിപ്പോൾ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തുന്നുണ്ട്.

ഈ അതിമാരക മയക്കുമരുന്ന് ഉപയോഗിച്ച് ആളുകളുടെ ശരീരം ചീഞ്ഞളിയുകയാണ്. മയക്കുമരുന്നിന്റെ ഉപയോഗം മൂലം ശരീരത്തിൽ വലിയ മുറിവുകളുണ്ടാകുകയും അത് അതിവേഗം മറ്റ് ഭാഗങ്ങളിലേക്ക് പടരുകയും ചെയ്യുന്നു. ശരീരം ഭാഗങ്ങൾ മുറിച്ച് മാറ്റേണ്ട അവസ്ഥയാണ് ഇത് മൂലം ഉണ്ടാകുന്നത്. ആളുകളെ മണിക്കൂറുകളോളം മയക്കത്തിലാക്കാനും, ശ്വസനം മന്ദഗതിയിലാക്കാനും ഇവയ്ക്ക് സാധിക്കും. മനുഷ്യശരീരത്തിൽ ഇവ ഉപയോഗിക്കുന്നത് മരണത്തിന് വരെ കാരണമാകാം എന്നാണ് കണ്ടെത്തൽ. കുറഞ്ഞ ചിലവിൽ വാങ്ങാൻ സാധിക്കുന്നത് കൊണ്ട് തന്നെ ഇവ വളരെ സുലഭമാണ്.

ഫെന്റനൈൽ, ഹെറോയിൻ, കൊക്കെയ്ൻ എന്നിവയ്‌ക്കൊപ്പമാണ് സെലാസൈൻ വിതരണം ചെയ്യുന്നത്. ഫിലഡെൽഫിയയിൽ നടത്തിയ ലാബ് പരിശോധനയിൽ 90 ശതമാനം മയക്കുമരുന്നുകളിലും സൈലാൻസൈനിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും മോശമായ പ്രതിസന്ധിയിലൂടെയാണ് ഇന്ന് അമേരിക്കയിലെ വൻ നഗരങ്ങൾ കടന്നുപോകുന്നത് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. രാജ്യത്തെ ഈ ആളെക്കൊല്ലി മയക്കുമരുന്നിൽ നിന്ന് മുക്തമാക്കാനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്.











