കേപ് ടൗൺ: ട്വന്റി 20 വനിതാ ലോകകപ്പ് സെമി ഫൈനലിൽ, നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ തിരിച്ചടിക്കുന്നു. 173 റൺസ് എന്ന വൻ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ, 10 ഓവർ പൂർത്തിയാകുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 93 റൺസെടുത്തു. 22 പന്തിൽ 39 റൺസുമായി ജെമീമ റോഡ്രിഗസും 21 പന്തിൽ 33 റൺസുമായി ക്യാപ്ടൻ ഹർമൻപ്രീത് കൗറുമാണ് ക്രീസിൽ.
ആദ്യ ഓവറിൽ തന്നെ 10 റൺസ് അടിച്ച് കൂട്ടിക്കൊണ്ടായിരുന്നു ഇന്ത്യയുടെ തുടക്കം. എന്നാൽ തുടരെ മൂന്ന് വിക്കറ്റുകൾ നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായി. നാലാം വിക്കറ്റിൽ ഒത്തു ചേർന്ന ജെമീമ- ഹർമൻപ്രീത് സഖ്യം ഇന്ത്യൻ പ്രതീക്ഷകൾ വീണ്ടും സജീവമാക്കുകയാണ്.
നേരത്തേ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് എടുത്തിരുന്നു. നിറം മങ്ങിയ ബൗളിംഗും നിലവാരമില്ലത്ത ഫീൽഡിംഗുമാണ് ഇന്ത്യക്ക് വിനയായത്.
37 പന്തിൽ 54 റൺസ് എടുത്ത ബെഥ് മൂണിയാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. ക്യാപ്ടൻ മെഗ് ലാനിംഗ് 34 പന്തിൽ 49 റൺസുമായി പുറത്താകാതെ നിന്നു. ആഷ്ലി ഗാർഡ്നർ 18 പന്തിൽ 31 റൺസ് നേടി.
ഇന്ത്യക്ക് വേണ്ടി ശിഖ പാണ്ഡെ 2 വിക്കറ്റും ദീപ്തി ശർമ്മയും രാധാ യാദവും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഇന്ത്യൻ ബൗളർമാരെല്ലാം 7.50ന് മുകളിൽ ഇക്കോണമിയിൽ തല്ല് വാങ്ങി.








