അമരാവതി : ആന്ധ്രാ പ്രദേശിൽ അധികാരത്തിലേറിയാൽ ഇസ്ലാമിക് ബാങ്ക് ആരംഭിക്കുമെന്ന വാഗ്ദാനവുമായി തെലുങ്ക് ദേശം പാർട്ടി ദേശീയ സെക്രട്ടറി നര ലോകേഷ്. തിരുപ്പതി ജില്ലയിലെ ശ്രീകാളഹസ്തിയിൽ മുസ്ലീം സമുദായത്തിലെ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു നര ലോകേഷ്.
ടിഡിപി സ്ഥാപകൻ എൻടി രാമറാവും ന്യൂനപക്ഷ കോർപ്പറേഷൻ രൂപീകരിച്ചതിനെക്കിറിച്ച് സംസാരിച്ച നര ലോകേഷ് ജഗൻ മോഹൻ റെഡ്ഡി സർക്കാർ ഈ ക്ഷേമ പദ്ധതികളെല്ലാം നിർത്തലാക്കിയതായി ആരോപിച്ചു. ടിഡിപി സർക്കാർ അധികാരത്തിലേറിയാൽ ജഗൻ മോഹൻ റെഡ്ഡി സർക്കാർ നിർത്തലാക്കിയ പദ്ധതികൾ പുനരാരംഭിക്കും. ഇസ്ലാമിക് ബാങ്ക് ഉൾപ്പെടെ ആരംഭിക്കുമെന്നും നര ലോകേഷ് വാഗ്ദാനം ചെയ്തു.
തുടർന്ന് ടിഡിപി നേതാവിനെതിരെ ബിജെപി രംഗത്തെത്തുകയായിരുന്നു. നര ലോകേഷിന് ഇസ്ലാമിക് ബാങ്കിനെക്കുറിച്ച് എന്തെങ്കിലും അറിയാമോ എന്നാണ് ബിജെപി ചോദിച്ചത്. ഇസ്ലാമിക് ബാങ്ക് രൂപീകരിക്കാനുള്ള നിർദ്ദേശത്തെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പോലും നേരത്തെ എതിർത്തിരുന്നതാണ്. മതപരമായി വിഭജിക്കപ്പെട്ട രാജ്യത്തെ ഒന്നിപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോൾ, ടിഡിപി നേതാവ് ഇസ്ലാമിക് ബാങ്കിനെക്കുറിച്ച് സംസാരിക്കുകയാണ്. ഇത് ജനങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ബിജെപി ആന്ധ്രാ പ്രദേശ് ഘടകം ആരോപിച്ചു.
Discussion about this post