ലഖ്നൗ: ഉത്തർ പ്രദേശിലെ മഹോബയിൽ ദളിത് യുവതിയുടെ വിവാഹം മുടക്കിയ ഇസ്ലാമികവാദികൾ വിവാഹ ഘോഷയാത്ര അലങ്കോലമാക്കി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ബന്ധുക്കളെ കൈയ്യേറ്റം ചെയ്തു. നിരവധി പെൺകുട്ടികളെ പരസ്യമായി അപമാനിച്ചു.
ഫെബ്രുവരി 12നായിരുന്നു സംഭവം. വിജയ് കുമാർ എന്നയാളുടെ മകൾ അശ്വിനിയുടെ വിവാഹ ചടങ്ങുകളാണ് അലങ്കോലമായത്. വിവാഹ ഘോഷയാത്രയിലേക്ക് മുബാറക് ഖാൻ എന്നയാൾ കാർ ഇടിച്ചു കയറ്റിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.
ഇത് ചോദ്യം ചെയ്ത വധുവിന്റെ ബന്ധുക്കളെ മുബാറക് ഖാൻ അസഭ്യം പറയുകയും സംഘാംഗങ്ങളെ വിളിച്ച് വരുത്തുകയും ചെയ്തു. തുടർന്ന് അൻപതോളം പേരടങ്ങുന്ന സംഘവുമായി മുബാറക് ഖാന്റെ കൂട്ടാളി മുഹമ്മദ് സഫിയ ചൗധരി അവിടെയെത്തി അക്രമം അഴിച്ചു വിടുകയായിരുന്നു. ദയവായി വിവാഹ ചടങ്ങുകൾ നടത്താൻ അനുവദിക്കണമെന്ന വധുവിന്റെ ബന്ധുക്കളുടെ അപേക്ഷ അക്രമികൾ ചെവിക്കൊണ്ടില്ല.
വധുവിന്റെ വീട്ടിലേക്ക് ഇരച്ചു കയറിയ അക്രമി സംഘം, പിതാവ് വിജയ് കുമാറിനെ തല്ലി നിലത്തു വീഴ്ത്തിയ ശേഷം വലിച്ചിഴച്ചു. തടയാൻ വന്ന സ്ത്രീകളെയും പെൺകുട്ടികളെയും പരസ്യമായി അപമാനിച്ചു. അച്ഛനെ ഉപദ്രവിക്കരുത് എന്ന് കേണപേക്ഷിച്ച വധുവിനെയും അക്രമി സംഘം വെറുതെ വിട്ടില്ല.
ഇതിനിടെ ആരോ ഫോൺ ചെയ്തത് അനുസരിച്ച് സ്ഥലത്തെത്തിയ പോലീസിനെ കണ്ടതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. വീട്ടുകാരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞ പോലീസ് പ്രതികൾക്കെതിരെ കലാപം, വധശ്രമം, ഭവനഭേദനം, സ്ത്രീത്വത്തെ അപമാനിക്കൽ, ഗൂഢാലോചന, പട്ടിക ജാതി/ പട്ടിക വർഗ പീഡന നിരോധന നിയമം എന്നിവ പ്രകാരം കേസെടുത്തു. മുഹമ്മദ് സഫിയ ചൗധരി സ്ഥിരം പ്രശ്നക്കാരനാണെന്നും, ഇയാളെയും കൂട്ടാളികളെയും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.








