ഓണ്‍ലൈന്‍ വീഡിയോ പ്ലാറ്റ്‌ഫോമായ വീമിയോയെ കുറിച്ച് നിങ്ങളെല്ലാവരും കേട്ടിരിക്കും. അതിന്റെ സിഇഒ 39-കാരിയായ അഞ്ജലി സൂദ് ആണെന്നും കേട്ടിരിക്കും. എന്നാല്‍ കോര്‍പ്പറേറ്റ് ലോകത്ത് തന്റേതായ ഇടം പടുത്തുയര്‍ത്തിയ അഞ്ജലിക്ക് അതിന് കരുത്ത് നല്‍കിയ കയ്‌പ്പേറിയ ജീവിതാനുഭവങ്ങളുടെ കഥ നിങ്ങള്‍ ഒരുപക്ഷേ കേട്ടിരിക്കുകയില്ല. പരാജയങ്ങളും അവഗണനകളും ഇന്ധനമാക്കിയാണ് അഞ്ജലി തന്റ വിജയഗാഥ രചിച്ചതെന്ന് പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തി ആകില്ല.
ആരാണ് അഞ്ജലി സൂദ്
ഒരു ചെറിയ കമ്പനിയായിരുന്ന വീമിയോയെ വിജയകരമായ ഐപിഒ(പ്രാഥമിക ഓഹരി വില്‍പ്പന)യിലൂടെ ആറ് ബില്യണ്‍ ഡോളര്‍ (45986 കോടിയിലധികം രൂപ) മൂല്യത്തിലെത്തിച്ച വ്യക്തിയാണ് അഞ്ജലി സൂദ്. ഒരു ബാങ്ക് ജോലിക്കാരിയാകണമെന്നതായിരുന്നു അഞ്ജലിയുടെ സ്വപ്നം. പക്ഷേ അറിയപ്പെടുന്ന എല്ലാ ബാങ്കുകളും അവളുടെ അപേക്ഷ തള്ളി. പക്ഷേ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ തന്നെ പരാജയത്തിന്റെ രുചിയറിഞ്ഞ അഞ്ജലി അതുകൊണ്ടൊന്നും തളര്‍ന്നില്ല.
പതിനാലാം വയസില്‍ പ്രശസ്തമായ ഒരു ബോര്‍ഡിംഗ് സ്‌കൂളില്‍ ചേര്‍ന്ന അഞ്ജലി അവിടെ ചെന്ന് ആദ്യവര്‍ഷം തന്നെ നിരവധി തവണ പല വിഷയങ്ങളിലായി പരാജയപ്പെട്ടു. പക്ഷേ പരാജയങ്ങള്‍ വിജയത്തിലേക്കുള്ള ചവിട്ടുപടികളാണെന്ന് പിന്നീടുള്ള വര്‍ഷങ്ങളില്‍ അവര്‍ തെളിയിച്ചു.
ജനനം അമേരിക്കയില്‍
1983ല്‍ അമേരിക്കയിലെ ടെക്‌സസിലാണ് അഞ്ജലി ജനിക്കുന്നത്. പഞ്ചാബില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരായിരുന്നു അഞ്ജലിയുടെ മാതാപിതാക്കള്‍. പെനിസില്‍വാനിയ സര്‍വ്വകലാശാലയില്‍ നിന്ന് ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗില്‍ ഉന്നത പഠനം നടത്തിയ അഞ്ജലി പിന്നീട് ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് എംബിഎയും സ്വന്തമാക്കി.
2005ലാണ് അഞ്ജലി തന്റെ കരിയര്‍ ആരംഭിക്കുന്നത്. ആമസോണ്‍ അടക്കം നിരവധി കമ്പനികളില്‍ ജോലി ചെയ്തതിന് ശേഷമാണ് അവര്‍ 2014ല്‍ വീമിയോയുടെ ആഗോള മാര്‍ക്കറ്റിംഗ് മേധാവിയായി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇടം പിടിക്കുന്നത്. പിന്നീട് കുറച്ചുവര്‍ഷങ്ങള്‍ കമ്പനിക്ക് വേണ്ടി നിരവധി ബ്രാന്‍ഡിംഗ് തന്ത്രങ്ങള്‍ മെനഞ്ഞു. 2017ലാണ് വീമിയോയുടെ സിഇഒ ആയി ചുമതലയേല്‍ക്കുന്നത്. പിച്ച വെച്ച് തുടങ്ങുന്ന കമ്പനി എന്ന നിലയില്‍ നിന്നും ഇന്‍ഡസ്ട്രിയിലെ പ്രബലരായി മാറിയ വീമിയയോടു വളര്‍ച്ച അഞ്ജലിയുടെ നേതൃപാടവത്തോട് ചേര്‍ത്തുവായിക്കേണ്ടതാണ്.
വീമിയോയെ വിജയത്തിലെത്തിച്ച സൂപ്പര്‍ അഞ്ജലി
2020ല്‍ 150 മില്യണ്‍ ഡോളറിന്റെ നിക്ഷേപം വീമിയോയെ തേടിയെത്തി. ഇതോടെ കമ്പനിയുടെ മൂല്യം 2.75 ബില്യണ്‍ ഡോളറായി (22,700 കോടി രൂപ) ഉയര്‍ന്നു. 2021 ജനുവരിയില്‍ 300 മില്യണ്‍ ഡോളറിന്റെ നിക്ഷേപങ്ങള്‍ കൂടി തേടിയെത്തിയതോടെ കമ്പനിയുടെ മൂല്യം ആറ് ബില്യണ്‍ ഡോളറായി (45,000 കോടി രൂപ). അതിനുശേഷം 2021 മേയില്‍ വീമിയോയുടെ പ്രാഥമിക ഓഹരി വില്‍പ്പന വിജയകരമായി നടത്തിയതും അഞ്ജലിയുടെ മേല്‍നോട്ടത്തില്‍ തന്നെ.
ബിസിനസ് രംഗത്തെ ശ്രദ്ധേയരായ, കരുത്തരായ സ്ത്രീകളില്‍ ഒരാളായ അഞ്ജലി സൂദ് ഈ നിലയില്‍ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. 40 അണ്ടര്‍ 40, ബിസിനസ് രംഗത്തെ നൂറ് സര്‍ഗാത്മക വ്യക്തിത്വങ്ങള്‍ എന്നിവ അവയില്‍ ചിലതാണ്. ടൊറന്റോ സ്വദേശിയായ മാറ്റ് ആണ് അഞ്ജലിയുടെ ഭര്‍ത്താവ്. ഇവര്‍ക്കൊരു കുഞ്ഞുണ്ട്.









Discussion about this post