കണ്ണൂർ : പിടിച്ചെടുത്ത ബോട്ടിൽ നിന്ന് മീൻ മോഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. കണ്ണൂരിൽ മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലുള്ള രണ്ട് ഉദ്യോഗസ്ഥരാണ് ബോട്ടിൽ നിന്ന് ചെമ്മീനും അയക്കൂറയും മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മോഷണം വ്യക്തമായതോടെ ഇവരെ കണ്ണൂരിൽ നിന്ന് കാസർകോടേക്ക് സ്ഥലം മാറ്റുകയായിരുന്നു. കണ്ണൂർ സിറ്റി പോലിസ് കമ്മീഷണറുടേതാണ് നടപടി.
നിയമം ലംഘിച്ചു കരയോട് ചേർന്ന് രാത്രി സമയത്ത് മീൻ പിടിച്ചതിനാണ് കോഴിക്കോട് നിന്നും അഴിക്കോട് ഭാഗത്തെത്തിയ ബോട്ട് കസ്റ്റഡിയിലെടുത്തത്. സബ് ഇൻസ്‌പെക്ടർ ഓഫ് ഗാർഡ് റാങ്കിലുള്ള ഉദ്യോഗസ്ഥർ ഇല്ലാതെയാണ് കണ്ണൂർ മറൈൻ എൻഫോഴ്‌സ്‌മെന്റിലെ മൂന്ന് പോലീസുകാർ ബോട്ട് പിടിച്ചെടുത്തത്. തുടർന്ന് 90000 രൂപ പിഴയടയ്ക്കാൻ ആവശ്യപ്പെട്ടു. ഈ തുകയടച്ച് ബോട്ട് തിരികെ എടുക്കാൻ എത്തിയപ്പോഴാണ് ചെമ്മീനും അയക്കൂറയും കാണാതായ വിവരം ബോട്ടുടമയായ പുതിയാപ്പ തെക്കെത്തൊടി ടി മിഥുൻ അറിയുന്നത്. തുടർന്ന് ഇയാൾ പരാതി നൽകുകയായിരുന്നു.
പോലീസ് നടത്തിയ വകുപ്പുതല അന്വേഷണത്തിൽ ബോട്ടലുണ്ടായിരുന്ന വിലയേറിയ ചെമ്മീനും അയക്കൂറയും പോലീസുകാർ തന്നെ മോഷ്ടിച്ചതായി തെളിഞ്ഞു. തുടർന്നാണ് ശിക്ഷാ നടപടിയുടെ ഭാഗമായി ഇവരെ കാസർകോട് മറൈൻ എൻഫോഴ്‌സിലേക്ക് സ്ഥലം മാറ്റിയത്. എന്നാൽ അച്ചടക്ക നടപടിയെന്ന് പരാമർശിക്കാതെയാണ് പോലീസുകാരുടെ സ്ഥലമാറ്റ ഉത്തരവിറക്കിയത്.
Discussion about this post