തൃശ്ശൂർ: എഴുത്തുകാരൻ ശ്രീജിത്ത് മൂത്തേടത്ത് രചിച്ച ‘ ആന അനാട്ടമി’ എന്ന പുസ്തകം പ്രകാശനം ചെയ്തു. പ്രശസ്ത നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ ശ്രീലങ്കൻ കവി അഖിലന് നൽകിക്കൊണ്ടാണ് പുസ്തകപ്രകാശനം നിർവ്വഹിച്ചത്. ഇന്ത്യാ ബുക്‌സ് കോഴിക്കോട് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
പെരുവനം അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ വെച്ചായിരുന്നു പുസ്തക പ്രകാശനം. കഥകളുടെ സമാഹാരമാണ് ആന അനാട്ടമി. പത്ത് കഥകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ജനുവരി മൂന്നിനായിരുന്നു പുസ്തകത്തിന്റെ കവർ പ്രകാശനം. പ്രമുഖർ സമൂഹമാദ്ധ്യമം വഴിയായിരുന്നു കവർ പ്രകാശനം ചെയ്തത്.
ചേർപ്പ് സി.എൻ.എൻ. സ്‌കൂളിലും എൻ.വി. കൃഷ്ണവാരിയർ സ്മാരകത്തിലും സോപാനം ഓഡിറ്റോറിയത്തിലുമായാണ് സാഹിത്യോത്സവത്തിന്റെ വേദി. സർവ്വമംഗള ട്രസ്റ്റ്, എൻ.വി. സ്മാരക ട്രസ്റ്റ്, മാതൃഭൂമി എന്നിവരാണ് സംഘാടകർ. പരിപാടിയിൽ ആന അനാട്ടമിയുൾപ്പെടെ 22 പുസ്തകങ്ങളുടെ പ്രകാശന കർമ്മമാണ് നിർവ്വഹിച്ചത്.








