തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പ്രവാസിയെ കാമുകിയും സഹോദരനും ചേർന്ന സംഘം തട്ടിക്കൊണ്ടു പോയി. പ്രവാസിയിൽ നിന്ന് അക്രമിസംഘം പണവും സ്വർണവും തട്ടിയെടുത്തു. സംഭവത്തിൽ യുവതി ഉൾപ്പെടെ ആറ് പേർ അറസ്റ്റിലായി. ബുധനാഴ്ചയാണ് തക്കല സ്വദേശിയായ മുഹൈദീൻ അബ്ദുൾ ഖാദറിനെ ഇവർ തട്ടിക്കൊണ്ടു പോയത്.
ശനിയാഴ്ച വിമാനത്താവളത്തിന് സമീപമുള്ള എയ്ഡ് പോസ്റ്റിൽ അവശനിലയിലായ മുഹൈദീൻ എത്തുകയും, തന്നെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ചെന്ന് പോലീസിനെ അറിയിക്കുകയുമായിരുന്നു. വലിയതുറ പോലീസ് ഉദ്യോഗസ്ഥർ എത്തി ചോദ്യം ചെയ്തതോടെയാണ് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. ബുധനാഴ്ച വിമാനത്താവളത്തിലെത്തിയ മുഹൈദീനെ ഇവർ തട്ടിക്കൊണ്ടു പോവുകയും, ചിറയിൻകീഴിലെ റിസോർട്ടിൽ എത്തിച്ച് വായിൽ തുണി തിരുകിയ ശേഷം കയ്യും കാലും കെട്ടിയിട്ട് മർദ്ദിക്കുകയുമായിരുന്നു.
കാമുകി ഇൻഷയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്നാണ് ഇയാളെ തട്ടിക്കൊണ്ടു പോകുന്നത്. ദുബായിൽ വച്ച് മുഹൈദിനും ഇൻഷയുമായി അടുപ്പത്തിലായിരുന്നു. ബന്ധത്തിൽ നിന്നും പിന്മാറിയ മുഹൈദിനിൽ നിന്ന് ഇൻഷ ഒരു കോടി ആവശ്യപ്പെട്ടു. മുഹൈദീന്റെ കൈവശമുണ്ടായിരുന്ന 15,70,000 രൂപയും സ്വർണവും രണ്ട് മൊബൈൽ ഫോണുകളും ഇവർ തട്ടിയെടുത്തു. മുദ്രപ്പത്രങ്ങളിൽ ഒപ്പിട്ട് വാങ്ങിയതായും ഇയാൾ പറഞ്ഞിട്ടുണ്ട്.
ഒരു ബൈക്കിൽ ഇയളെ പിന്നീട് തിരുവനന്തപുരത്ത് ഇറക്കിവിട്ടു. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇൻഷയും സഹോദരനും ഉൾപ്പെടെ ആറ് പേരെ ഇന്നലെ രാത്രി വലിയതുറ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഈ സംഘത്തിൽ ഇനി ഒരാൾ കൂടി ഉണ്ടെന്നാണ് വിവരം.
Discussion about this post