മുർഷിദാബാദ്: അന്താരാഷ്ട്ര അതിർത്തിയിൽ ബിഎസ്എഫ് ജവാന്മാർക്ക് നേരെ അക്രമം അഴിച്ച് വിട്ട് ബംഗ്ലാദേശി ഗ്രാമവാസികളും ഒരു സംഘം അക്രമികളും. ബംഗാൾ അതിർത്തിയിലെ ബെർഹാംപൂർ സെക്ടറിന് കീഴിലുള്ള 35 ബറ്റാലിയനിലെ ബോർഡർ ഔട്ട് പോസ്റ്റ് നിർമൽചാറിലാണ് സംഭവം. പ്രദേശത്തെ ഇന്ത്യക്കാരായ കർഷകരുടെ പരാതികൾ പ്രകാരം ബിഎസ്എഫ് ജവാന്മാർ ഇവർക്ക് സുരക്ഷ ഒരുക്കിയിരുന്നു.
ബംഗ്ലാദേശി കർഷകർ ഇന്ത്യക്കാരായ കർഷകരുടെ വിളകൾ നശിപ്പിക്കുന്നതായി വ്യാപക പരാതികൾ ഉയർന്നിരുന്നു. കന്നുകാലികളെ ഇന്ത്യക്കാരായ കർഷകരുടെ പാടങ്ങളിലേക്ക് അഴിച്ചു വിടുകയും ചെയ്തിരുന്നു. അതിർത്തി കടന്ന് എത്തിയായിരുന്നു അക്രമം. പരാതിക്ക് പിന്നാലെ കർഷകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബിഎസ്എഫ് ജവാൻമാർ അതിർത്തിക്ക് സമീപം താത്കാലികമായി ഒരു പോസ്റ്റ് സ്ഥാപിച്ചിരുന്നു.
ജവാന്മാർ ഡ്യൂട്ടിയിലിരിക്കെ തന്നെ ബംഗ്ലാദേശിൽ നിന്നുള്ള കർഷകർ അവരുടെ കന്നുകാലികളെ ഇന്ത്യൻ കർഷകരുടെ വയലിലേക്ക് കൊണ്ടുവന്നു. ഇത് തടഞ്ഞതിന് പിന്നാലെയാണ് നൂറിലധികം ഗ്രാമീണരും അക്രമികളും ഇന്ത്യൻ ഭാഗത്തേക്ക് അതിക്രമിച്ച് കയറുകയും വടികളും ആയുധങ്ങളും ഉപയോഗിച്ച് സൈനികരെ ആക്രമിക്കുകയും ചെയ്തത്.
ആക്രമണത്തിൽ രണ്ട് ജവാന്മാർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. കൂടുതൽ ബിഎസ്എഫ് ജവാന്മാർ സ്ഥലത്ത് എത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപെട്ടിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ റാണിത്താലയിലെ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.








